തിരുവനന്തപുരം : സപ്ലൈക്കോ ഔട്ട്ലെറ്റുകൾ വഴി ലിറ്ററിന് 457 രൂപ നിരക്കിൽ വെളിച്ചെണ്ണ വിൽപ്പന നടത്തുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഓരോ കാർഡിനും ഒരു ലിറ്റർ മാത്രമായിരിക്കും നൽകുക. സപ്ലൈക്കോയിലൂടെ ശബരി വെളിച്ചെണ്ണയും ഇതേ രീതിയിൽ ലഭ്യമാക്കും. സംരംഭകരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം, അധിക ലാഭം ഒഴിവാക്കി കേരഫെഡ് സഹകരിക്കാമെന്ന് ഉറപ്പുനൽകിയതായി മന്ത്രി വ്യക്തമാക്കി.
എന്നാൽ കഴിഞ്ഞ ദിവസം നടന്ന സി.പി.ഐ. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വെളിച്ചെണ്ണയുൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനെതിരെ മന്ത്രി ജി.ആർ. അനിലിനെതിരെ കടുത്ത വിമർശനമുയർന്നു. വിലക്കയറ്റകാലത്ത് ഭക്ഷ്യവകുപ്പ് നോക്കുകുത്തിയായി മാറിയെന്നും, വിലനിയന്ത്രണത്തിന് വേണ്ട ഇടപെടലുകൾ ഉണ്ടായില്ലെന്നും പ്രതിനിധികൾ ആരോപിച്ചു.
13 ഇനങ്ങളിലെ അവശ്യവസ്തുക്കളുടെ വില കൂട്ടില്ലെന്ന സർക്കാരിന്റെ വാഗ്ദാനം പാലിക്കപ്പെടാത്തതായും, വെളിച്ചെണ്ണ വിലവർധനവ് സർക്കാരിന് നാണക്കേടാണെന്നും വിമർശനമുണ്ടായി. കുറഞ്ഞ വിലയിൽ നല്ല എണ്ണ വിപണിയിൽ ലഭ്യമാണെങ്കിൽ, പിന്നെന്തിന് കേരയുടെ എണ്ണ വാങ്ങണമെന്ന് പ്രതിനിധികൾ ചോദിച്ചു.






