ചെന്നൈ : വിജയുടെ ടിവികെയെ മുന്നണിയിൽ ഉൾപ്പെടുത്തുമെന്ന് സൂചിപ്പിച്ച് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി.കുമാരപാളയത്ത് അണ്ണാഡിഎംകെയുടെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഖ്യത്തിനുള്ള ശുഭാരംഭം ആയെന്ന് റാലിയിൽ വീശിയ ടിവികെ പതാകകൾ ചൂണ്ടിക്കാട്ടി എടപ്പാടി പളനിസ്വാമി പറഞ്ഞു.
“കുമാരപാളയത്തിലെ അലർച്ച നിങ്ങളുടെ കാതുകളിൽ തുളച്ചു കയറാൻ പോകുന്നു. നിങ്ങളുടെ പദ്ധതി വിജയിക്കില്ല. നിങ്ങൾ മനക്കോട്ട കെട്ടുകയാണ്. ആ സ്വപ്നം ഒരു മരീചികയായി മാറും”- എന്നാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന് എടപ്പാടി പളനിസ്വാമിയുടെ മുന്നറിയിപ്പ്.
വിജയിയെ ഫോണിൽ വിളിച്ച് എടപ്പാടി പളനിസ്വാമി കഴിഞ്ഞ ദിവസം അര മണിക്കൂർ സംസാരിച്ചു. ഡിഎംകെയെയും എംകെ സ്റ്റാലിനെയും തോൽപ്പിക്കാൻ ഒന്നിക്കണമെന്ന് വിജയിയോട് ഇപിഎസ് അഭ്യർത്ഥിച്ചു. പൊങ്കലിന് ശേഷം ഇക്കാര്യത്തിൽ മറുപടി പറയാമെന്നാണ് വിജയ് ഇപിഎസിന് നൽകിയ മറുപടിയെന്നാണ് വിവരം.






