പത്തനംതിട്ട: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി നാളിൽ നടന്ന അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനം നടന്നുവെന്ന് കാട്ടി ക്ഷേത്ര തന്ത്രി രംഗത്ത്. ഇക്കഴിഞ്ഞ അഷ്ടമി രോഹിണി വള്ള സദ്യയിൽ ആചാരലംഘനം നടന്നു എന്ന് കാട്ടി തിരുവിതാംകൂർ ദേവസ്വം ബോർഡിന് തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ആണ് പരാതി നൽകിയത്. ഭഗവാന് അർപ്പിക്കുന്നതിന് മുമ്പ് മന്ത്രി അടക്കമുള്ളവർക്ക് സദ്യ വിളമ്പിയ സംഭവമാണ് വിവാദമായിരിക്കുന്നത്.
പരിഹാര ക്രിയയ്ക്കും തന്ത്രിയുടെ നിർദ്ദേശമുണ്ട്. അഷ്ടമിരോഹിണി വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാ സംഘത്തിലെ മുഴുവൻ പേരും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ഭരണ ചുമതലയിലുള്ള ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറും ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ഉൾപ്പെടെ ദേവന് മുന്നിൽ ഉരുളിവെച്ച് എണ്ണപ്പണം സമർപ്പിക്കുകയും പ്രായശ്ചിത്ത പ്രാർത്ഥന നടത്തുകയും വേണം.
151 പറ അരിയുടെ സദ്യയാണ് അഷ്ടമി രോഹിണി നാളിൽ ക്ഷേത്രത്തിൽ തയ്യാറാക്കുന്നത്. പരിഹാരക്രിയയുടെ ഭാഗമായി 11 പറ അരിയുടെ സദ്യ വയ്ക്കണമെന്നും തിടപ്പള്ളിയിൽ ഒരു പറ അരിയുടെ നേദ്യവും നാലു കറിയും ഉണ്ടാക്കണമെന്നും, സദ്യ ദേവന് സമർപ്പിച്ച ശേഷം എല്ലാവർക്കും വിളമ്പുകയും വേണമെന്ന് തന്ത്രി പറയുന്നു
ഇനി ഇത്തരം ഒരു അബദ്ധം ഉണ്ടാവില്ലെന്നും വരും കാലങ്ങളിൽ വിധിപരമായി സദ്യ നടത്തിക്കൊള്ളാം എന്ന് നടയിൽ സത്യം ചെയ്യണം എന്നതുമാണ് പരിഹാരമാർഗ്ഗങ്ങളിൽ രണ്ടാമത് പറയുന്നത്.
സെപ്തംബർ 14 ന് ആണ് അഷ്ടമി രോഹിണി വള്ള സദ്യ നടന്നത്. ദേവസ്വം മന്ത്രി വി.എൻ. വാസവൻ ആണ് സദ്യ ഉദ്ഘാടനം ചെയ്തത്. മറ്റു മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തിരുന്നു.






