ആലപ്പുഴ: ലോകനിലവാരത്തിലുള്ള ജലവിനോദസഞ്ചാര കേന്ദ്രമെന്ന ആലപ്പുഴയുടെ സ്വപ്നങ്ങൾക്ക് കുതിപ്പേകി ‘ആലപ്പുഴ-എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്’ പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് നഗരത്തിൽ തുടക്കമായി. ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രങ്ങളായ ആലപ്പുഴ ബീച്ച്, കനാൽ തീരങ്ങൾ, അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ എന്നിവയെ ഉന്നത നിലവാത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സ്വദേശ് ദർശൻ 2.0 പദ്ധതിക്ക് കീഴിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ 93.177 കോടി രൂപ ഫണ്ട് വിനിയോഗിച്ച് വിഭാവനം ചെയ്ത പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളാപ്പള്ളി- ശവക്കോട്ട കനാലിന്റെ വശങ്ങള്‍ കെട്ടുന്ന ജോലികളും കാനല്‍ ആഴം കൂട്ടൽ നടപടികളും ആരംഭിച്ചുകഴിഞ്ഞു. ബീച്ച് ഭാഗത്തെ സർവെ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
പ്രധാന നിർമ്മാണ പ്രവർത്തികളുടെ ഭാഗമായ പൈലിംഗ് പ്രവൃത്തികള്‍ ഉടൻ ആരംഭിക്കും. പുന്നമട ഫിനിഷിംഗ് പോയിന്റിലെ നിർമ്മാണ പ്രവർത്തികൾക്കുള്ള ഭാരപരിശോധനയും പൈലിങ്ങിന് വേണ്ടിയുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. ആദ്യഘട്ട നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പ്രധാന പണികൾ ഉടൻ ആരംഭിച്ച് 2026 ഫെബ്രുവരിയോടെ പദ്ധതി പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് നിർമ്മാണ ചുമതയുള്ള യുഎൽസിസിഎസ്.
ടൂറിസം വകുപ്പിന്റെ മേൽനോട്ടത്തിൽ കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ് ആണ് പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയത്. ജില്ലാ കളക്ടർ അലക്സ് വർഗീസിന്റെ നേതൃത്വത്തിൽ ഓരോ ഘട്ടത്തിലും പദ്ധതിയുടെ കൃത്യത ഉറപ്പാക്കുകയും ആഴ്ചതോറും വിവിധ വകുപ്പുകളുടെ അവലോകന യോഗങ്ങള്‍ നടത്തി അതിവേഗ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
ആലപ്പുഴ ബീച്ചിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനായി 24.45 കോടി രൂപയാണ് പദ്ധതിയിൽ വകയിരുത്തിയിട്ടുള്ളത്. ഇരിപ്പിടങ്ങൾ, നടപ്പാതകൾ, ദീപാലങ്കാരങ്ങൾ, ലാൻഡ് സ്‌കേപ്പിങ്, സൂചനാ ബോർഡുകൾ, പാർക്കിംഗ് മൈതാനം, പ്രദർശന വേദികൾ, കോസ്റ്റ് ഗാർഡ് സ്റ്റേഷനുകൾ, കായിക വേദികൾ, സിസിടിവികൾ, മാലിന്യ സംസ്കരണ സംവിധാനം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്.
പുന്നമട ഫിനിഷിംഗ് പോയിന്റിലെ ബോട്ട് ടെർമിനൽ കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയുടെ പ്രധാന ആകർഷണമാണ്. ഇവിടെ 8.5 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.