ശബരിമല : ശബരിമല തീർത്ഥാടനം ആരംഭിക്കാൻ ദിവസങ്ങൾ ശേഷിക്കെ ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് വൈകിട്ട് 5 ന് ആരംഭിക്കും. ബുക്കിംഗിന് ഒപ്പം ഇത്തവണ മുതൽ അപകട ഇൻഷുറൻസിന് 5 രൂപ കൂടി ഈടാക്കും. മലകയറുന്നതിനിടെ തീർഥാടകർക്ക് മരണം സംഭവിച്ചാൽ ആശ്രിതർക്ക് 5 ലക്ഷം രൂപ ധനസഹായം ലഭിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു
ഇൻഷുറൻസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇന്ന് വൈകിട്ട് ദേവസ്വം ബോർഡിന്റെ വെബ് സൈറ്റിൽ ലഭ്യമാകും. ദിവസം 70,000 തീർഥാടകർക്കാണ് വെബ് സൈറ്റ് വഴി സ്ലോട്ട് ബുക്ക് ചെയ്യാൻ സാധിക്കുന്നത്. ഇതിന് പുറമെ 20,000 പേർക്ക് റിയൽ ടൈം ബുക്കിംഗ് വഴിയും മല ചവിട്ടാം. നിലയ്ക്കൽ, പമ്പ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ റിയൽ ടൈം ബുക്കിംഗ് കേന്ദ്രങ്ങൾ തുറക്കും.
രോഗബാധിതരായവർ മല കയറുന്നതിനിടെ മരണപ്പെട്ടാൽ 3 ലക്ഷം രൂപ സാമ്പത്തിക സഹായം ലഭിക്കുന്ന പിൽ ഗ്രീം വെൽഫെയർ നിധി ഈ സീസണിൽ നടപ്പാക്കുമെന്നും ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി.






