ആലപ്പുഴ: നവംബർ 28 മുതൽ ഡിസംബർ 15 വരെ നടക്കുന്ന തുമ്പോളി പള്ളിപ്പെരുന്നാള്‍ ഹരിതചട്ടം പാലിച്ച് നടത്തണമെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. തുമ്പോളി പള്ളിപ്പെരുന്നാളിന് മുന്നോടിയായി പാരിഷ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻ വർഷങ്ങളിലെ പോലെതന്നെ തിരുനാളിന്റെ സുഗമമായ നടത്തിപ്പിന് സർക്കാർ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും എംഎൽഎ നിർദ്ദേശിച്ചു. എക്സൈസ്, ഭക്ഷ്യസുരക്ഷ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ കൃത്യമായ പരിശോധനകൾ ഉറപ്പാക്കുമെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു.
സുരക്ഷാക്രമീകരണങ്ങൾ, ക്രമസമാധാനം എന്നിവ ഉറപ്പുവരുത്തുന്നതിന് പൊലീസ് നടപടി സ്വീകരിക്കും. ഗതാഗത തടസമുണ്ടാകാതിരിക്കാൻ മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കും. ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും ആവശ്യമായ ക്രമീകരണങ്ങളൊരുക്കും. വൈദ്യുതി തടസ്സമുണ്ടാകാതിരിക്കാനും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികൾ വൈദ്യുതി, ജലവിതരണ വകുപ്പുകൾ സ്വീകരിക്കും.
നഗരസഭയുടെ നേതൃത്വത്തിൽ മാലിന്യങ്ങൾ സമയാസമയം നീക്കം ചെയ്യുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കും. കെഎസ്ആർടിസി പ്രധാന ദിവസങ്ങളിലുൾപ്പെടെ അധിക സർവീസ് നടത്തും. ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ എയ്ഡ്പോസ്റ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. പെരുന്നാളോടനുബന്ധിച്ച് ഹോമിയോ, ആയുർവേദ ക്യാമ്പുകളും പ്രവർത്തിക്കുമെന്ന് യോഗത്തിൽ പറഞ്ഞു






