തിരുവനന്തപുരം :വൈദ്യുതി നിയന്ത്രണം ഫലം കണ്ടുവെന്നും സംസ്ഥാനത്ത് ഒരു ദിവസം കൊണ്ട് വൈദ്യുതി ഉപഭോഗത്തിൽ 200 മെഗാവാട്ടിന്റെ കുറവുണ്ടായെന്നും വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി. വന്‍കിട വ്യവസായികളില്‍ ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് വൈദ്യുതി നിയന്ത്രണം കൊണ്ടുവന്നത്.10 മുതല്‍ 15 മിനിറ്റ് വരെ മാത്രമാണ് നിയന്ത്രണം. ഇത് ഗാർഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം അനിയന്ത്രിതമായി കൂടുന്ന സാഹചര്യത്തിൽ ലോഡ് കൂടുന്ന മേഖലകളിൽ പ്രാദേശിക നിയന്ത്രണം ഇന്നലെ മുതൽ ഏർപ്പെടുത്തിയിരുന്നു. ആദ്യഘട്ടത്തിൽ പാലക്കാടാണ് നിയന്ത്രണമേർപ്പെടുത്തിയത്. പീക്ക് സമയമായ രാത്രി ഏഴിനും അർധരാത്രി ഒരു മണിക്കുമിടയിലാണ് നിയന്ത്രണമേർപ്പെടുത്തിയത്.വിതരണ ശൃംഖല തകരാറിലാകാതെ നോക്കാനാണ് ക്രമീകരണമെന്നു മന്ത്രി പറഞ്ഞു .രണ്ടു ദിവസത്തെ സ്ഥിതി വിലയിരുത്തിയശേഷം നിയന്ത്രണം തുടരണോയെന്ന് തീരുമാനിക്കുമെന്നും വൈദ്യുതി മന്ത്രി അറിയിച്ചു.