കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മുതിർന്ന വൈദികനായിരുന്ന കെ വി ജോസഫ് റമ്പാന്റെ നിര്യാണത്തിൽ സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുശോചിച്ചു.
ആത്മീയ ജീവിതത്തിലെ ഉപദേശകനെയാണ് കെ വി ജോസഫ് റമ്പാന്റെ വേർപാടിലൂടെ നഷ്ടമാകുന്നതെന്ന് പരിശുദ്ധ ബാവാ പറഞ്ഞു. മുൻ കാതോലിക്കാ ബാവാമാർക്കൊപ്പം പ്രധാന പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹത്തിന്റെ അനുഭവസമ്പത്തും, ആരാധനകളെക്കുറിച്ച് ആഴത്തിലുള്ള അറിവും സഭയ്ക്കും തന്റെ ശിഷ്യഗണത്തിനും അദ്ദേഹം പകർന്നു നൽകി.
കോട്ടയം പഴയസെമിനാരി, പരുമല സെമിനാരി തുടങ്ങി സഭയുടെ പ്രധാനപ്പെട്ട ആത്മീയകേന്ദ്രങ്ങളുടെ ചുമതലക്കാരൻ എന്ന നിലയിൽ സ്തുത്യർഹമായ സേവനമാണ് കെ വി ജോസഫ് റമ്പാൻ കാഴ്ച്ചവെച്ചത്. പിതൃതുല്യമായ വാത്സല്യം അദ്ദേഹത്തിൽ നിന്ന് അനുഭവിക്കുവാൻ കഴിഞ്ഞിരുന്നു. കെ വി ജോസഫ് റമ്പാന്റെ വേർപാട് മലങ്കരസഭയ്ക്ക് തീരാനഷ്ടമാണെന്നും വന്ദ്യനായ ആചാര്യന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതായും പരിശുദ്ധ കാതോലിക്കാ ബാവാ പ്രതികരിച്ചു.






