തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ ശമ്പളം കൂട്ടാനും പെൻഷൻ വീണ്ടും വർദ്ധിപ്പിച്ച് ജനപ്രിയ ബജറ്റ് അവതരണത്തിനും നീക്കം. ഇതിന്റെ ഭാഗമായി ജനുവരി മൂന്നാം വാരം അവതരിപ്പിക്കാനിരിക്കുന്ന സമ്പൂർണ ബജറ്റിൽ വലിയ ജനകീയ പ്രഖ്യാപനങ്ങൾ ഉൾപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നതായി സൂചന. ആനുകൂല്യങ്ങളുടെ പെരുമഴയിലൂടെ ജനപിന്തുണ വീണ്ടെടുക്കുകയാണ് ബജറ്റിന്റെ മുഖ്യ ലക്ഷ്യമെന്നാണ് വിലയിരുത്തൽ.
ക്ഷേമപെൻഷൻ വീണ്ടും വർധിപ്പിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പുതിയ പെൻഷൻ സംവിധാനം പ്രഖ്യാപിക്കുക തുടങ്ങിയ കാര്യങ്ങൾ സജീവ പരിഗണനയിലാണ്. സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും ബജറ്റിനോട് അനുബന്ധിച്ച് ഉണ്ടാകാനിടയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജനങ്ങളെ നേരിട്ട് സ്വാധീനിക്കാൻ കഴിയുന്ന പ്രഖ്യാപനങ്ങളാണ് ഇത്തവണ ബജറ്റിൽ മുൻതൂക്കം നേടുകയെന്നാണ് സൂചന.
ബജറ്റ് രൂപീകരണത്തിന്റെ ഭാഗമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് തയ്യാറാക്കുന്ന ഉദ്യോഗസ്ഥർ, സാമ്പത്തിക വിദഗ്ധർ, വ്യവസായ പ്രമുഖർ എന്നിവരുമായി ആശയവിനിമയം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. സാമ്പത്തിക വെല്ലുവിളികൾ നിലനിൽക്കുമ്പോഴും രാഷ്ട്രീയമായി നിർണായകമായ ജനപ്രിയ തീരുമാനങ്ങളിലേക്കാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് സൂചന.






