വയനാട് : വയനാട് പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു. മാടപ്പള്ളി ദേവർഗദ്ധ ഉന്നതിയിലെ ഊരുമൂപ്പൻ കൂമനാ(65)ണ് കൊല്ലപ്പെട്ടത്. കാപ്പിസെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. വിറകു ശേഖരിക്കാൻ പോയ കൂമനെ പുഴയോരത്തുവെച്ച് കടുവ ആക്രമിക്കുകയായിരുന്നു.
കടുവയെ തിരിച്ചറിയാൻ കാടിനകത്തെ പല സ്ഥലങ്ങളിലും ക്യാമറ ട്രാപ്പികൾ ഉടൻ സ്ഥാപിക്കുന്നതിന് നിർദേശം നൽകിയതായി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു.മേഖലയിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശവും ആവശ്യമായ സംരക്ഷണവും നൽകാൻ വനം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.






