ബെംഗളൂരു : ബെംഗളൂരുവിൽ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം ഇന്ന്. സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിൽ ആയിരിക്കും സംസ്കാരം. പോസ്റ്റ്മോർട്ടത്തിന് ശേഷം ബെംഗളൂരു ബോറിംഗ് ആശുപത്രിയിൽ നിന്ന് മൃതദേഹം രാവിലെ 9 മണിയോടെ കോറമംഗലയിലെത്തിച്ചു. സഹോദരൻ സി ജെ ബാബുവിന്റെ വീട്ടിൽ ഉച്ചയ്‌ക്ക് ഒരു മണി വരെ പൊതുദർശനം ഉണ്ടാകും. തുടർന്നാകും സംസ്കാരം.
കേരളത്തിൽ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസുകളില്‍ റെയ്‌ഡ് നടത്തിയത്. മൂന്നുദിവസമായി റെയ്ഡ് നടക്കുന്നുണ്ട് എന്ന് സിറ്റി പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് വ്യക്തമാക്കി. ഐടി ഉദ്യോഗസ്ഥരിൽ നിന്നും വിശദാംശങ്ങൾ തേടുമെന്നും സീമന്ത് കുമാർ സിംഗ് പറഞ്ഞു. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദമാണ് മരണത്തിന് കാരണമെന്ന് കാട്ടി കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി ജെ ജോസഫ് പൊലീസിൽ പരാതി നൽകിയിരുന്നു.
ഈ സാഹചര്യത്തിൽ കൊച്ചിയിൽ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും. കോൺഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടെയും മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും.സി ജെ റോയിയുടെ രണ്ട് മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിയുതിര്‍ത്ത തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് ഉണ്ടായിരുന്നോ എന്നും പരിശോധിക്കുകയാണ്.






