ശബരിമല : ശബരിമലയിൽ മാസപൂജ തിരക്ക് കണക്കിലെടുത്ത് പമ്പ ഹിൽ ടോപ്പിലും ചക്കുപാലം രണ്ടിലും താൽക്കാലിക പാർക്കിങ്ങിന് ഹൈക്കോടതി അനുമതി.ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ ,എൻ. നഗരേഷ് എന്നിവരടങ്ങിയ ദേവസ്വം ഡിവിഷൻ ബഞ്ചിന്റേതാണ് ഉത്തരവ്. പാർക്കിങ്ങിന് എത്തുന്ന എല്ലാ വാഹനങ്ങൾക്കും ഫാസ്ടാക് കർശനമാക്കണമെന്നും അല്ലാത്തവയ്ക്ക് പ്രവേശനം അനുവദിക്കരുതെന്നും ഉത്തരവിൽ പറയുന്നു.
കൊടിയും ബോർഡും വച്ച വാഹനങ്ങൾക്കും ഇളവ് അനുവദിക്കരുത്. സാധാരണക്കാരായ തീർഥാടകർക്ക് എല്ലാ വിധ സൗകര്യങ്ങളും ഒരുക്കണമെന്നും ഉത്തരവിലുണ്ട്. ഈ മാസം 8 ന് ഹൈക്കോടതി ദേവസ്വം ഡിവിഷൻ ബെഞ്ച് ശബരിമലയിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ദേവസ്വം ബഞ്ചിന്റെ ഉത്തരവ്.
ജനക്കൂട്ട നിയന്ത്രണം അല്ലാതെ പാർക്കിങ് സംബന്ധിച്ചും റിപ്പോർട്ട് നൽകാൻ സ്പെഷൽ കമ്മിഷണർക്ക് ഹൈക്കോടതി നിർദേശം നൽകി. എല്ലാ മാസപൂജയ്ക്ക് മുൻപും ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി ,സ്പെഷൽ കമ്മിഷണർ, ദേവസ്വം എക്സി. എൻജിനീയർ എന്നിവർ മുന്നൊരുക്കം സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു