പത്തനംതിട്ട: പത്ത് വർഷത്തിലധികമായി പ്രവർത്തിച്ച് വന്ന കുടുംബശ്രീ സംരംഭം അടച്ച് പൂട്ടി. കോവിഡ് കാലത്ത് അടക്കം നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മലയാലപ്പുഴയിലെ മൗണ്ട് ഇൻ കഫേയ്ക്ക് ആണ് പൂട്ട് വീണത്.
പത്ത് കുടുംബശ്രീ പ്രവർത്തകർ ചേർന്ന് പത്ത് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച കുടുംബശ്രീ സംരംഭമാണ് ഇപ്പോൾ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് അടച്ച് പൂട്ടാൻ നിർദേശം നൽകിയത്. കെ റ്റി ഡി സി യുടെ മലയാലപ്പുഴയിലുള്ള അമിനിറ്റി സെൻ്ററിൽ പ്രവർത്തിച്ച് വന്ന മൗണ്ട് ഇൻ കഫേ എന്ന സംരംഭമാണ് കെ റ്റി ഡി സി യുടെ ഇടപെടലിൽ പൂട്ട് വീണത്.
ആറന്മുള, വടശ്ശേരിക്കര, കുളനട എന്നിവിടങ്ങളിലെ അമിനിറ്റി സെൻ്ററുകൾ കാട് പിടിച്ച് നാശത്തിൻ്റെ വക്കിലായിരിക്കുമ്പോഴും നിലവിൽ വരുമാനമുള്ള മലയാലപ്പുഴയിലെ അമിനിറ്റി സെൻ്റർ നഷ്ടത്തിലാണെന്ന ഓഡിറ്റ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി
2014 ൽ ജില്ലയിലെ ഏറ്റവും നല്ല സി ഡി എസ് ആയി തിരഞ്ഞെടുക്കപ്പെട്ട ഈ കുടുംബശ്രീ ഗ്രൂപ്പിൻ്റെ വിജയഗാഥ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുടുംബശ്രീയുടെ നാടക ട്രൂപ്പായ രംഗശ്രീയുടെ പരിശീലനത്തിനടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകിയിരുന്നതും മൗണ്ട് ഇൻ കഫേ പ്രവർത്തകരാണ്.
ലോണെടുത്ത് വാങ്ങിയ ഏസി അടക്കമുള്ള ഉപകരണങ്ങൾ നശിച്ചു പോകുകയും വായ്പ മുടങ്ങുകയും ചെയ്യുമെന്നുള്ള ആശങ്കയിലാണ് കുടുംബശ്രീ സംരംഭകർ.