ആലപ്പുഴ: അടിയന്തര സാഹചര്യത്തില്‍ തോട്ടപ്പള്ളി പൊഴിമുറിക്കാന്‍ തീരുമാനം. ജില്ലയില്‍ മഴ കനത്ത സാഹചര്യത്തില്‍ ദേശീയപാത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നയിടങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപം കൊള്ളുന്നതും മഴക്കെടുതിയിലെ മറ്റ് സുരക്ഷാനടപടികളും ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. കൃഷി മന്ത്രി പി. പ്രസാദ് ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു. അടിയന്തര സാഹചര്യത്തില്‍ തോട്ടപ്പള്ളി പൊഴിമുറിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി യോഗം വിലയിരുത്തി.
മഴപെയ്തതോടെ ദേശീയപാതയോരത്ത് രൂപപ്പെട്ട വെള്ളക്കെട്ടുകള്‍ താത്കാലിക കള്‍വര്‍ട്ടുകള്‍ സ്ഥാപിച്ച് അടിയന്തരമായി നീക്കും. ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ ദേശീയപാത അതോറിറ്റിയെ ജലസേചന വകുപ്പ് സഹായിക്കും. ദേശീയപാതയില്‍ അരൂര്‍ മുതല്‍ കായംകുളം വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന 56 സ്ഥലങ്ങളില്‍ വെള്ളക്കെട്ടുകള്‍ ഒഴിവാക്കേണ്ട അടിയന്തര സാഹചര്യവും യോഗത്തിൽ തീരുമാനിച്ചു






