തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റവാളികള്‍ ആരായാലും അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ട് പോകണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍. നിയമം നിയമത്തിന്റെ വഴിയില്‍ത്തന്നെ പോണം. എന്നാല്‍, ഈ അന്വേഷണത്തില്‍ ഒട്ടേറെ സംശയങ്ങള്‍ ഭക്തർക്ക് ഉണ്ട്.
ശബരിമല സ്വര്‍ണപ്പാളികള്‍ വിറ്റതാര്‍ക്ക്, ആര്‍ക്കൊക്കെ അതിന്റെ വിഹിതം കിട്ടി എന്നിവയിലേക്ക് അന്വേഷണം നീളുന്നില്ല. ദേവസ്വം മുന്‍ മന്ത്രി കടകമ്പള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു. എന്നാല്‍ പിന്നീട് എന്തുണ്ടായി. അന്തര്‍ദ്ദേശീയ മാനമുള്ള കേസായതിനാല്‍ കേന്ദ്ര ഏജന്‍സികളെ അന്വേഷണം ഏല്‍പ്പിക്കണം.
എന്നാല്‍ ഇ ഡി, സിബിഐ തുടങ്ങിയ ഏജന്‍സികളുടെ അന്വേഷണത്തെ എതിര്‍ക്കുന്നതില്‍ ദുരൂഹതയുണ്ട്. രാജ്യാന്തര ബന്ധമുള്ള സംഭവത്തില്‍ ദേശീയ ഏജന്‍സികള്‍ വേണ്ട എന്ന നിലപാട് അന്വേഷണത്തില്‍ ചില നീക്കുപോക്കുകള്‍ ഉണ്ട് എന്ന സംശയം ജനിപ്പിക്കുന്നു. മകരവിളക്ക് നടക്കാന്‍ പോകുമ്പോള്‍ തന്ത്രി അറസ്റ്റിലായി എന്നത് ഭക്തര്‍ക്ക് ആശങ്കയും വേദനയും ഉണ്ടാക്കുന്നു. കേവലം ഒരു തന്ത്രിയില്‍ ഒതുക്കേണ്ട വിഷയം അല്ല ഇതെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.






