കോട്ടയം: അത്മീയ ചൈതന്യത്തിന്‍റെ അത്യുന്നതങ്ങളിലേക്ക് വിശ്വാസികളെ ആനയിക്കുന്നതുപോലെ ഭൗതീകജീവിതത്തിന്‍റെ വിവിധ മേഖലകളിൽ ഇടപെട്ടുകൊണ്ടാണ് മണർകാട് കത്തീഡ്രലിന്‍റെ പ്രവർത്തനമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. മനുഷ്യന്‍ മനുഷ്യസ്നേഹത്തിനു വേണ്ടി യാചിക്കുന്ന സന്ദർഭത്തിൽ സഹായഹസ്തവുമായി ഓടിയെത്തുന്ന വിശ്വമാനവികതയുടെ സന്ദേശമാണ് മണർകാട് ദേവാലായം ഉയർത്തിപിടിക്കുന്നത്.
ഉത്തരേന്ത്യയിൽ ക്രിസ്ത്യന്‍ ദേവാലയങ്ങൾ ആക്രമിക്കപ്പെടുന്നു, സമർപ്പിതരായ സന്യസ്ഥരെ ജയിലിടയ്ക്കപ്പെടുന്നു. ഇത് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെ തകർക്കുകയാണ്, അതിനെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. ഭരണഘടനയുടെ അന്തസത്തയെയാണ് ഇത്തരം പ്രവർത്തകളിലൂടെ ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സെൻറ് മേരീസ് ഹോസ്പിറ്റലിലെ ഡയാലിസിസ് ഡിപ്പാർട്ട്‌മെന്റിൻറെ പുതിയ ബ്ലോക്കിൻറെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മോർ തീമോത്തിയോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കത്തീഡ്രൽ സെക്രട്ടറി പി.എ. ചെറിയാൻ പാണാപറമ്പിൽ കത്തീഡ്രലിൻറെ റിപ്പോർട്ട് അവതരിപ്പിച്ചു. സീറോ മലബാർ സഭ കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ ബിഷപ്പ് മാർ ജോസ് പുളിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.






