കൊച്ചി : ഉത്തർ പ്രദേശിൽ ബാങ്കിൽ നിന്നും പണവുമായി മടങ്ങുന്നയാളെ ക്രൂരമായി ആക്രമിച്ച് 85 ലക്ഷം കവർന്ന കേസിലെ പ്രതി കൊച്ചിയിൽ പിടിയിൽ. യുപി സ്വദേശി റിസാഖത്ത് ആണ് അറസ്റ്റിലായത്.കൊച്ചിയിലെ സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
യുപിയിലെ ഹാപുർ ജില്ലയിൽ ഡൽഹി-ലഖ്നൗ ദേശീയപാതയിൽ ഈ മാസം 15 നായിരുന്നു സംഭവം. നോയ്ഡയിലെ കമ്പനിയിലെ അക്കൗണ്ടന്റായ ആൾ ബാങ്കിൽ നിന്നും പണവുമായി വരുംവഴി കാറിലും ബൈക്കിലുമായെത്തിയ സംഘം ആക്രമിച്ച് പണവുമായി കടന്നു കളയുകയായിരുന്നു.സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് യുപി സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് റിസാഖത്ത് കൊച്ചിയിൽ താമസിക്കുകയാണെന്ന് വിവരം ലഭിച്ചത്.സംഘത്തിലെ മറ്റാളുകൾക്കായി തെരച്ചിൽ തുടരുകയാണ്.പ്രതിയെ കോടതിയിൽ ഹാജരാക്കി.






