ധാക്ക : ബംഗ്ലദേശിൽ വീണ്ടും പ്രക്ഷോഭം.പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭകാരികൾ പ്രസിഡൻഷ്യൽ കൊട്ടാരമായ ബംഗ ഭബൻ ഉപരോധിച്ചു.ഷെയ്ഖ് ഹസീന സർക്കാരിനോട് കൂറു പുലർത്തിയിരുന്ന ആളാണ് മുഹമ്മദ് ഷഹാബുദ്ദീനെന്നും അതിനാൽ രാജിവച്ചൊഴിയണമെന്നുമാണ് ആവശ്യം.കഴിഞ്ഞയാഴ്ച ഒരു അഭിമുഖത്തിൽ ഷെയ്ഖ് ഹസീന രാജ്യം വിട്ടപ്പോൾ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന്റെ രേഖകളൊന്നും കൈവശമില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ പറഞ്ഞിരുന്നു.
ആന്റി–ഡിസ്ക്രിമിനേഷൻ സ്റ്റുഡന്റ് മൂവ്മെന്റ് ആണ് പ്രസിഡന്റിന്റെ രാജിയാവശ്യവുമായി പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നത്.1972ൽ എഴുതപ്പെട്ട ഭരണഘടന തിരുത്തണമെന്നും പുതിയ ഭരണഘടന എഴുതണമെന്നും ഇവർ ആവശ്യപ്പെടുന്നു. വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റ് 5നായിരുന്നു ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്.