കോട്ടയം: സമഗ്രശിക്ഷാ കേരളം കോട്ടയം ഈസ്റ്റ് ബ്‌ളോക്ക് റിസോഴ്‌സ് സെന്ററി(ബി.ആർ.സി.)ലെ ഓട്ടിസം സെന്ററിനോടു ചേർന്നു ഓട്ടിസം പാർക്ക് തുറന്നു. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഓട്ടിസം പാർക്കിന്റെ താക്കോൽ പാരഗൺ പോളിമർ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ റെജി കെ. ജോസഫിൽ നിന്ന് ഏറ്റുവാങ്ങി. സ്‌കൂളിലേക്കു പോകുന്നതിനു പകരം പാർക്കിലേക്ക് എത്തുന്ന അനുഭവം കുട്ടികൾക്കു സൃഷ്ടിക്കാൻ പുതിയ സെന്ററിനു കഴിയുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
പാരഗൺ പോളിമർ ൈപ്രവറ്റ് ലിമിറ്റഡിന്റെ സി.എസ്.ആർ. ഫണ്ടുപയോഗിച്ച് 55 ലക്ഷം രൂപ ചെലവിട്ടാണ് ഓട്ടിസം പാർക്ക് തുടങ്ങിയത്. 2024 ജനുവരിയിൽ ആരംഭിച്ച നിർമാണം അഞ്ചുമാസം കൊണ്ടാണു പൂർത്തിയായത്.കോട്ടയം വയസ്‌കരക്കുന്നിലെ ജില്ലാ വിദ്യാഭ്യാസ സമുച്ചയത്തോടു ചേർന്നുള്ള പാർക്കിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനായി ഒക്യൂപേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, സെൻസറി ഇന്റഗ്രേഷൻ തെറാപ്പി, സ്‌പെഷ്യൽ എഡ്യൂക്കേഷൻ, ഗ്രൂപ്പ് തെറാപ്പി, കൗൺസലിംഗ് എന്നിവയ്ക്കായുള്ള അത്യാധുനിക സൗകര്യങ്ങളാണ് അങ്ങേയറ്റം ആകർഷണീയമായി ഒരുക്കിയിട്ടുള്ളത്. ചടങ്ങിൽ കോട്ടയം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ അധ്യക്ഷനായിരുന്നു.