ന്യൂഡൽഹി : യുദ്ധഭൂമിയായ സിയാച്ചിനിലെ മഞ്ഞിടിച്ചിലില്‍ മൂന്ന് സൈനികർക്ക് വീരമൃത്യു. 12,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ബേസ് ക്യാമ്പിലേക്ക് ഹിമപാളികള്‍ അടർന്ന് വീഴുകയായിരുന്നു. ബേസ്‌ക്യാമ്പില്‍ ഉണ്ടായിരുന്ന മൂന്ന് സൈനികർ മഞ്ഞിനടിയില്‍ അകപ്പെട്ടുപോകുകയായിരുന്നു.
വീരമൃത്യുവരിച്ചവരില്‍ രണ്ടുപേർ അഗ്നിവീറുകളാണെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യ്തു. ഇവരുടേതടക്കം മൂന്ന് സൈനികരുടെയും ഭൗതികശരീരം റസ്‌ക്യൂ ഓപ്പറേഷൻ ടീം പുറത്തെടുത്തു.
2016 ഫെബ്രുവരിയില്‍ പത്തോളം സൈനികർ ഹിമപാതത്തില്‍ വീരമൃത്യു വരിച്ചിട്ടുണ്ട്. അപകടത്തില്‍ ലാൻസ് നായിക് ഹനുമന്തപ്പ രക്ഷപ്പെട്ടെങ്കിലും ഗുരുതര പരിക്കേറ്റ അദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങി.
ലോകത്തിലെ ഏറ്റവും ഉയരത്തിലുളള യുദ്ധഭൂമിയില്‍ സൈനികർ ശത്രുക്കളോടും പ്രകൃതിയോടും പടവെട്ടിയാണ് രാജ്യത്തിന് കാവല്‍ നില്‍ക്കുന്നത്. ഏറെ ഉയരത്തിലായതിനാല്‍ ഇവിടെ ഓക്സിജന്റെ ലഭ്യത വളരെ കുറവാണ് എന്നത് വെല്ലുവിളിയാണ്. കാശ്‌മീരില്‍ മഴയടക്കം വലിയ നാശനഷ്‌ടം കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായതിന് പിന്നാലെയാണ് സിയാച്ചിനില്‍ മഞ്ഞിടിച്ചിലും ഉണ്ടായത്.






