തൃശ്ശൂർ : തമിഴ്നാട് വാല്‍പ്പാറയില്‍ വന്യജീവി ആക്രമണത്തില്‍ എട്ടുവയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവത്തിൽ ആക്രമിച്ചത് കരടി എന്ന സ്ഥിരീകരണം.വനംവകുപ്പും ഡോക്ടേഴ്സും നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. നേരത്തെ പുലിയുടെ ആക്രമണത്തിലാണ് കുട്ടി കൊല്ലപ്പെട്ടതെന്നായിരുന്നു നിഗമനം .വാല്‍പ്പാറ വേവര്‍ലി എസ്റ്റേറ്റിലെ അസം സ്വദേശികളുടെ മകന്‍ നൂറിൻ ഇസ്ലാമാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ആണ് ശരീര ഭാഗങ്ങള്‍ ഭക്ഷിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടുകൂടി പുലി കുട്ടിയെ പിടിച്ചുകൊണ്ട് പോയി ആക്രമിച്ചതാകാമെന്ന നിഗമനത്തിലേക്ക് എത്തുകയായിരുന്നു .വാല്‍പ്പാറയില്‍ ഒരു മാസം മുമ്പ് മറ്റൊരു കുട്ടിയെ പുലി കടിച്ച് കൊലപ്പെടുത്തിയിരുന്നു.മരിച്ച കുട്ടിയുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.