തിരുവല്ല: നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഈ മാസം ഏഴിന് ഇവിടെ താറാവിൻ കുഞ്ഞുങ്ങൾ ചത്തതോടെ തിരുവല്ല വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്കും ഒൻപതിന് ഭോപ്പാലിലെ കേന്ദ്ര ലാബിലേയ്ക്കും പക്ഷിപ്പനി പരിശോധനക്കായി സാമ്പിൾ അയച്ചിരുന്നു.
തുടർന്ന് വന്ന റിപ്പോർട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. നാളെ (തിങ്കൾ) ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് കള്ളിംഗ് അടക്കം തുടർനടപടി സ്വീകരിക്കും.
കഴിഞ്ഞദിവസം ആലപ്പുഴ തഴക്കരയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. 4000ൽ അധികം താറാവുകളാണ് നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലുള്ളത്.