തിരുവനന്തപുരം: വീട്ടിലെ ഫൈബർ കണക്ഷനിൽ കിട്ടുന്ന അതിവേഗ ഇന്റർനെറ്റ് വീടുവിട്ട് പുറത്തുപോകുമ്പോഴും വൈഫൈ ആയി കിട്ടാവുന്ന സംവിധാനം ബി.എസ്.എൻ.എൽ സംസ്ഥാനത്ത് ആരംഭിക്കുന്നു. ‘സർവത്ര’ എന്ന പേരിൽ അവതരിപ്പിക്കുന്ന ഈ പദ്ധതി ടെലികോം രംഗത്തെ വിപ്ലവമായിമാറുമെന്നാണ് വിലയിരുത്തൽ. ട്രയൽ റൺ പൂർത്തിയായി. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് ആദ്യം നടപ്പാക്കുക.
ബി.എസ്.എൻ.എലിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റോബർട്ട് ജെ. രവി മുന്നോട്ടുവെച്ച ആശയമാണ് ഇന്ത്യയിലെ ഗ്രാമങ്ങളിലേക്ക് ‘സർവത്ര’യായി എത്തുന്നത്. മൊബൈൽ ഡേറ്റയ്ക്കുവേണ്ടി ചെലവാകുന്ന തുക വലിയ തോതിൽ കുറയ്ക്കാനാകുമെന്നതാണ് പ്രത്യേകത.
വീട്ടിലോ സ്ഥാപനത്തിലോ എടുത്തിട്ടുള്ള ബി.എസ്.എൻ.എലിന്റെ ഫൈബർ ടു ദ ഹോം (എഫ്.ടി.ടി.എച്ച്.) ആണ് പദ്ധതിയുടെ അടിസ്ഥാനം. ഈ കണക്ഷനിലെ ഇന്റർനെറ്റ് ബി.എസ്.എൻ.എലിന്റെ മറ്റൊരു ഫൈബർ ടു ദ ഹോം കണക്ഷനുള്ള സ്ഥലത്തുപയോഗിക്കാം. ‘സർവത്ര’യുടെ പോർട്ടലിൽ രജിസ്റ്റർചെയ്യുന്ന എഫ്.ടി.ടി.എച്ച്. കണക്ഷനുകളിലൂടെയാണ് ഇത് സാധ്യമാകുക.
രജിസ്റ്റർചെയ്യുമ്പോൾ കണക്ഷനുകൾ ‘സർവത്ര എനേബിൾഡ്’ ആയിമാറും. പരമാവധി കണക്ഷനുകൾ രജിസ്റ്റർചെയ്യാൻ ബി.എസ്.എൻ.എൽ. അഭ്യർഥിക്കും. ‘സർവത്ര എനേബിൾഡ്’ ആണെങ്കിൽ രണ്ടാമത്തെ കണക്ഷന്റെ വൈഫൈ പാസ് വേഡോ യൂസർ ഐ.ഡി.യോ അറിയേണ്ട കാര്യവുമില്ല.
ഒരു വെർച്വൽ ടവർ ആയിട്ടാകും സർവത്ര പോർട്ടൽ പ്രവർത്തിക്കുക. മറ്റൊരു മോഡം ഒരു സഞ്ചാരപാതയായി മാത്രം ഉപയോഗിക്കുന്നതിനാൽ സൈബർ സുരക്ഷയുടെ കാര്യത്തിൽ ആശങ്കവേണ്ട. സർവത്രയുടെ സേവനങ്ങൾ കൃത്യമാക്കാൻ ‘വൺ നോക്’ എന്ന സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കും