ആലപ്പുഴ : നിലവിലെ ശുചിമുറി മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ജില്ലയിലെ മാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ സംസ്‌കരണ ശേഷി പൂര്‍ണമായി ഉപയോഗപ്പെടുത്തുമെന്ന് ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ്. ജില്ലയിലെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് (എസ്.ടി.പി.) പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്.
എന്‍.ടി.പി.സി., ആലപ്പുഴ ജനറല്‍ ആശുപത്രി, വണ്ടാനം മെഡിക്കല്‍ കോളജ്, പള്ളിപ്പുറം ഇന്‍ഫോപാര്‍ക്ക് എന്നീ സ്ഥാപനങ്ങളിലാണ് നിലവില്‍ ട്രീറ്റമെന്റ് പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നത്. മാലിന്യം നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പാസ് ഏര്‍പ്പെടുത്തുന്ന കാര്യങ്ങള്‍ പരിശോധിച്ച് വേഗത്തില്‍ നടപ്പാക്കും. മാലിന്യം അതാത് പ്ലാന്റുകളില്‍ മാത്രമാണ് തള്ളുന്നത് എന്ന കാര്യം അധികൃതര്‍ ഉറപ്പുവരുത്തണമെന്നും ജില്ല കളക്ടര്‍ പറഞ്ഞു.
മലിനജല സംസ്‌കരണവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ അതിവേഗം പരിഹാരം കാണാന്‍ ചേര്‍ത്തലയിലെ ഫീക്കല്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിര്‍മാണം വേഗത്തിലാക്കാന്‍ യോഗം നിര്‍ദേശിച്ചു. പ്ലാന്റ്് നിര്‍മാണം നിലവില്‍ 50 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്.