ചെങ്ങന്നൂർ: ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ വെച്ച് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ക്രൂരമായി കൊലപ്പെടുത്തിയ എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസിലെ പ്രോസിക്യൂഷൻ ഭാഗം സാക്ഷി വിസ്താരം പൂർത്തിയായി. മാവേലിക്കര അഡീ സെഷൻസ് കോടതി ജഡ്ജി പി പി പൂജ മുമ്പാകെ കേസിലെ അവസാന അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി കെ സി ബാബുരാജിനെയാണ് കേസിൽ വിസ്തരിച്ചത്.
2023 ഡിസംബർ 12ന് തുടങ്ങിയ സാക്ഷി വിസ്താരത്തിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 55 സാക്ഷികളെയും 205 രേഖകളും 50 തൊണ്ടി സാധനങ്ങളുമാണ് കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കൽ കോടതിയിൽ തെളിവായി സമർപ്പിച്ചത്.
2012 ജൂലൈ 17 ന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നവാഗതർക്ക് എ ബി വി പി പ്രവർത്തകർ സ്വീകരണം ഒരുക്കിയ ചടങ്ങിൽ മുൻകൂട്ടി ആലോചിച്ചുറച്ച് ആയുധങ്ങളുമായി എത്തിയ 13 അംഗ ക്യാമ്പസ് ഫ്രണ്ട് സംഘം വിഷ്ണുപ്രസാദ്, ശ്രീജിത്ത് എന്നീ എബിവിപി പ്രവർത്തകരെ കൊലപ്പെടുത്തുവാൻ ശ്രമിക്കുകയും നഗർ സമിതി അംഗമായ വിശാലിനെ കൊലപ്പെടുത്തുകയും കൂടെ ഉണ്ടായിരുന്ന മറ്റ് എബിവിപി പ്രവർത്തകരെ ആക്രമിക്കുകയും ചെയ്തു എന്നാണ് പ്രോസിക്യൂഷൻ കേസ്.
ആദ്യം ലോക്കൽ പോലിസ് അന്വേഷിച്ച കേസ് തുടർന്ന് സ്റ്റേറ്റ് ക്രൈം ബ്രാഞ്ചാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം ഫയൽ ചെയ്തത്. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുവാനുള്ള വിശാലിൻ്റെ മാതാപിതാക്കളുടെ അപേക്ഷ പോലും സർക്കാർ ആദ്യഘട്ടത്തിൽ അംഗീകരിച്ചിരുന്നില്ല. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.