കോഴിക്കോട് : കൊയിലാണ്ടിയിൽ എടിഎമ്മിൽ നിറക്കാൻ കൊണ്ടുപോയ 25 ലക്ഷം രൂപ കവർന്നെന്ന പരാതിയിൽ പരാതിക്കാരനും സുഹൃത്തും പിടിയിൽ .എ ടി എമ്മില്‍ പണം നിറയ്‌ക്കാന്‍ ചുമതലയുണ്ടായിരുന്ന സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരനായ തിക്കോടി ആവിക്കല്‍ റോഡ് സുഹാന മന്‍സില്‍ സുഹൈൽ, സുഹൃത്ത് താഹ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞദിവസം എടിഎം കൗണ്ടറുകളിൽ പണം നിറക്കാൻ പോകുന്നതിനിടെ കുരുടിമുക്കിൽ വച്ച് ഒരുസംഘം സുഹൈലിന്റെ കണ്ണിൽ മുളകുപൊടി വിതറി ബന്ദിയാക്കിയ ശേഷം പണം കവർന്നതായാണ് പരാതി.യുവാവിന്റെ ദേഹത്തും മുഖത്തുമടക്കം മുളക് പൊടി വിതറി കൈകൾ കെട്ടിയിട്ട നിലയിലായിരുന്നു കാറിൽ ഇയാളെ നാട്ടുകാര്‍ കണ്ടെത്തിയത്.
സംഭവ സ്ഥലത്ത് ബലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. യുവാവിന്റെ മൊഴിയിൽ വൈരുദ്ധ്യം ഉണ്ടായിരുന്നു. 25ലക്ഷം നഷ്ടമായെന്ന് സുഹൈൽ പറയുമ്പോൾ 75 ലക്ഷം പോയെന്നായിരുന്നു ഏജൻസി വ്യക്തമാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുഹൈലും താഹയും മറ്റൊരാളും ചേര്‍ന്ന് തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന് കണ്ടെത്തിയത് . .താഹയിൽ നിന്ന് 37 ലക്ഷം രൂപ കണ്ടെത്തിയിട്ടുണ്ട്. ബാക്കി തുകയ്ക്കുള്ള അന്വേഷണം നടക്കുകയാണ്.