മല്ലപ്പള്ളി: താലൂക്കിൻ്റെ കിഴക്കൻ മലയോര മേഖലകളായ കോട്ടാങ്ങൽ, കൊറ്റനാട് എന്നിവിടങ്ങളിൽ മുപ്ലി വണ്ട്, അട്ട, കൊതുക് എന്നിവ പെരുകുന്നത് ജനജിവിതത്തിന് ബുദ്ധിമുട്ട് ആകുന്നതായി പരാതി.റാന്നി വലിയ കാവ് വനത്തോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ സകല സമയങ്ങളിലും കൊതുക് ശല്യം അതിരൂക്ഷമാണ്. റബർ ചിരട്ടകളിലെയും, അലസമായി കിടക്കുന്ന പാത്രങ്ങളിലും, ജലംകെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലും കൊതുക് പെരുകുന്ന സ്ഥിതിയാണ്. സന്ധ്യാസമയങ്ങളിൽ വീടുകളിലും സ്ഥാപനങ്ങളിലും മുപ്ലി വണ്ടിൻ്റെ ശല്യവും അതിരൂക്ഷം.
ഭക്ഷണപദാർത്ഥങ്ങളിലും കുടിവെള്ളത്തിലും വരെ മുപ്ലി വണ്ടിൻ്റെയും അട്ടയുടെയും ശല്യം വർധിക്കുകയാണ്. രാത്രിയിൽ ഉറങ്ങാനാവാത്ത സ്ഥിതിയാണെന്നാണ് ജനത്തിന്റെ പരാതി. കഴിഞ്ഞ കാലങ്ങളിൽ ഇവയേ പ്രതിരോധിക്കുന്നതിന് ഫോഗിങ്ങ് ,മരുന്നു തളിക്കൽ അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവന്നിരുന്നു. അടിയന്തിരമായി സത്വര നടപടികൾ സ്വീകരിക്കണമെന്ന് ചുങ്കപ്പാറ – നിർമ്മല പുരം ജനകീയ വികസന സമിതി ആവശ്യപ്പെട്ടു.