മലപ്പുറം: സ്ത്രീകള്‍ക്ക് മുന്നില്‍ മുണ്ടുപൊക്കി അശ്ലീല പ്രദര്‍ശനം നടത്തിയ ബിഎല്‍ഒയെ എസ്‌ഐആര്‍ നടപടിയില്‍നിന്ന് മാറ്റി ജില്ലാകള്കടര്‍. എസ്‌ഐആറിന്റെ ഫോം കളക്ഷന്‍ ക്യാംപിലായിരുന്നു സംഭവം. മലപ്പുറം തിരൂര്‍ തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒ വാസുദേവനാണ് ഇങ്ങനെ നിലവിട്ട് പെരുമാറിയത്. ഫോം വിതരണത്തിനിടെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടായ ചില ചോദ്യങ്ങളില്‍ പ്രകോപിതനായ വാസുദേവന്‍ മുണ്ട് അഴിച്ച് കാണിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.
ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ബിഎല്‍ഒയ്ക്കെതിരെ നടപടി എടുത്തിരിക്കുകയാണ് ജില്ലാ കലക്ടര്‍. വാസുദേവനെ ബിഎല്‍ഒ ചുമതലയില്‍ നിന്ന് മാറ്റിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പകരം മറ്റൊരാള്‍ക്ക് ചുമതല നല്‍കി. തുടര്‍നടപടികള്‍ ഉണ്ടാവുമെന്ന് പറഞ്ഞ കലക്ടര്‍, തുടക്കമെന്ന നിലയില്‍ വാസുദേവന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. വിശദീകരണം ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. എന്നാൽ പെട്ടെന്ന് ഉണ്ടായ പ്രകോപനത്തില്‍ ചെയ്ത് പോയതാണെന്നാണ് വാസുദേവന്റെ പ്രതികരണം.






