തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കിഴക്കേ ഗോപുരത്തിനു സമീപം അജ്ഞാതർ ഡ്രോൺ പറത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. അതിതീവ്ര സുരക്ഷാ മേഖലയാണ് സംഭവം നടന്നിരിക്കുന്നത്.
കഴിഞ്ഞദിവസം രാത്രി 10.03-ഓടെ പദ്മതീർഥ കുളത്തിനു കുറുകേ പറന്നെത്തിയ ഡ്രോൺ കിഴക്കേഗോപുരത്തിനു സമീപം വട്ടംചുറ്റിയശേഷം തിരികെ പോയെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ പറഞ്ഞത്.
ക്ഷേത്രത്തിലെ കൺട്രോൾറൂമിൽ വിവരമറിയിച്ചതിനെത്തുടർന്ന് ഫോർട്ട് അസി. കമ്മിഷണർ പ്രസാദ്, എസ്എച്ച്ഒ ശിവകുമാർ, കൺട്രോൾറൂമിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ടവർ സ്ഥലത്തെത്തി.
തുടർന്ന് നടത്തിയ പരിശോധനയിൽ സിസിടിവികളിൽനിന്നു ലഭിച്ച ദൃശ്യങ്ങൾ പരിശോധിച്ച് ഡ്രോൺ കടന്നുവന്ന വഴികളും പോലീസ് സംഘം കണ്ടെത്തി. എന്നാൽ ഡ്രോണിനെയും അതുപറത്തിയവരെയും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.
പദ്മതീർഥക്കുളത്തിനു കുറുകേ കടന്നുവന്ന ഡ്രോൺ കിഴക്കേഗോപുരംവരെ എത്തിയശേഷമായിരുന്നു തിരികെ പോയതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് സ്ഥിരീകരിച്ചത്.
ഇതിനിടയിൽ കുളത്തിനു സമീപത്തുള്ള കല്യാണമണ്ഡപത്തിൽ വീഡിയോയും ഫോട്ടോയും എടുക്കാനെത്തിയ ഫോട്ടോഗ്രാഫർ, സംശയകരമായ നിലയിൽ കണ്ടവരെയും വിളിച്ച് പോലീസ് ചോദ്യം ചെയ്തു. എന്നാൽ, തങ്ങളാരും ഡ്രോൺ പറത്തിയിട്ടില്ലെന്നും കണ്ടില്ലെന്നുമാണ് മൊഴിനൽകിയത്.
ശ്രീപദ്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ഡ്രോൺ പറത്തരുതെന്ന കർശന നിയമത്തെ മറികടന്നാണ് അജ്ഞാതർ ഇതു പറത്തിയത്. 2019 ജൂൺ 28-നും സമാനമായ സംഭവമുണ്ടായിരുന്നു.