പത്തനംതിട്ട :പീക്ക് സമയത്തെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ കൂടിയ നിരക്കില്‍ വൈദ്യുതി കേരളത്തിന് പുറത്തുനിന്നും വാങ്ങേണ്ട സാഹചര്യമാണുള്ളത്. അതിനാൽ പീക്ക് സമയത്തെ ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് എനര്‍ജി മാനേജ്മെന്റ് സെന്റര്‍ നിർദ്ദേശിച്ചു.
വൈകിട്ട് ആറ് മുതല്‍ രാത്രി 11 വരെയുള്ള സമയമാണ് പീക്ക് സമയം. ഈ സമയം എയര്‍കണ്ടീഷണര്‍, കൂളര്‍, ഫാന്‍ എന്നിവയുടെയെല്ലാം ഉപയോഗം കൂടുന്നുണ്ട്. ഇവ ഒഴിവാക്കാനും സാധിക്കാത്തതിനാൽ മറ്റ് വഴികള്‍ സ്വീകരിക്കണമെന്നും എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ചൂണ്ടിക്കാട്ടുന്നു.
വീടുകളില്‍ വൈകുന്നേരം ആറു മുതല്‍ രാത്രി 11 വരെ ഇന്‍ഡക്ഷന്‍ കുക്കര്‍, പമ്പുകള്‍, വാഷിംഗ് മെഷീന്‍ എന്നിവ ഓണാക്കാതിരിക്കുക.
എയര്‍കണ്ടീഷണറിന്റെ താപനില 25 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക .ഓരോ ഡിഗ്രി താഴ്ത്തി സെറ്റ് ചെയ്യുമ്പോഴും ആറ് ശതമാനം വൈദ്യുതി അധികം വേണ്ടിവരും. വൈദ്യത ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ 5 സ്റ്റാര്‍ ലേബലിംഗ് ഉള്ള ഊര്‍ജ്ജകാര്യക്ഷമത കൂടിയവ വാങ്ങുക. അത് വാങ്ങുക വഴി ഊര്‍ജ്ജ ഉപയോഗം കുറയ്ക്കാം.
ഓഫീസുകളില്‍ ലൈറ്റുകള്‍ ആവശ്യത്തിനു മാത്രം പ്രകാശിക്കാന്‍ ടൈമറുകള്‍/ സെന്‍സറുകള്‍ ഘടിപ്പിക്കുക. വീടുകളിലും ഓഫീസുകളിലും ആവശ്യം കഴിഞ്ഞാല്‍ വൈദ്യുതോപകരണങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യക. ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ ഇല്ലാത്ത മുറികളില്‍ ലൈറ്റ്, ഫാന്‍, എ.സി. എന്നിവ പ്രവര്‍ത്തിക്കുന്നില്ലന്ന് ഉറപ്പുവരുത്തുക.