കൊച്ചി : കൈക്കൂലിക്കേസിൽ എറണാകുളം ആർ.ടി.ഒ ജെർസൻ അറസ്റ്റിലായി. ഇയാൾക്കൊപ്പം ഏജന്റുമാരായ സജി, രാമപടിയാർ എന്നിവരെയും വിജിലൻസ് സംഘം അറസ്റ്റു ചെയ്‌തു .ജെർസണിന്റെ ഇടപ്പള്ളിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 49 കുപ്പി വിദേശമദ്യവും വിജിലൻസ് പിടികൂടി.
ഫോർട്ട് കൊച്ചി – ചെല്ലാനം റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ താത്കാലിക പെർമിറ്റ് പുതുക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആർ.ടി.ഒ പിടിയിലായത്. ഏജന്റുമാരെ നിയോഗിച്ചാണ് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം കൈക്കൂലി വാങ്ങിയിരുന്നത്. പരാതിക്കാരനിൽനിന്ന് ഏജന്റുമാരായ സജിയും രാമപടിയാറും 5,000 രൂപയും ഒരു കുപ്പി വിദേശമദ്യവും കൈക്കൂലിയായി വാങ്ങുമ്പോഴാണ് വിജിലൻസ് പിടികൂടിയത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജെർസണേയും അറസ്റ്റ് ചെയ്യുകയായിരുന്നു.