ചെങ്ങന്നൂർ: സ്ത്രീ ശാക്തീകരണത്തിന് ആവിഷ്കരിച്ച വിവിധ പദ്ധതികളുടെ വിജയാഘോഷം കൂടിയാക്കി പുലിയൂർ ഗ്രാമ പഞ്ചായത്ത് വികസന സദസ്സ്. 1477 സ്ത്രീകളെ ഗുണഭോക്താക്കളാക്കി ഫാഷൻ ഡിസൈനിംഗ്, മെഴുകതിരി നിർമ്മാണം, കമ്പ്യട്ടർ പരിശീലനം തുടങ്ങിയ സ്വയംതൊഴിൽ പരിശീലനങ്ങളാണ് പഞ്ചായത്ത് നൽകിവരുന്നത്. അതോടൊപ്പം ജാഗ്രതാ സമിതി,ജെൻഡർ റിസോഴ്സ് സെന്റർ പ്രവർത്തനങ്ങൾക്കായും വലിയൊരു തുക ഗ്രാമ പഞ്ചായത്ത് ചിലവഴിക്കുന്നുണ്ട്. പുലിയൂർ ഗ്രാമ പഞ്ചായത്ത് നടത്തിയ വികസന സദസ്സിൽ അവതരിപ്പിച്ച പ്രോഗ്രാം റിപ്പോർട്ടിലാണ് പഞ്ചായത്ത് നടത്തിയ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ വിശദമാക്കിയിട്ടുള്ളത്.
പുലിയൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച വികസന സദസ്സ് കേരള സഹകരണ സ്പിന്നിംഗ് മിൽ ചെയർമാൻ എ മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം ജി ശ്രീകുമാർ ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ ഉണ്ണികൃഷ്ണന് പഞ്ചായത്തിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട് കൈമാറിക്കൊണ്ട് പ്രകാശനം കർമ്മം നിർവഹിച്ചു.
റിസോഴ്സ് പേഴ്സൺ ദിൽഷാദ് സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങളും പഞ്ചായത്ത് സെക്രട്ടറി കെ സന്തോഷ്കുമാർ പഞ്ചായത്തിന്റെ നേട്ടങ്ങളും അവതരിപ്പിച്ചു. കില ബ്ലോക്ക് കോ – ഓർഡിനേറ്റർ കലേശൻ ഓപ്പൺ ഫോറം നയിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സരിത ഗോപൻ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാ രാജീവ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മഞ്ജു യോഹന്നാൻ, പ്രമോദ് കുമാർ, ഇന്ദിരാ ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.