തൃശൂർ: തിരുവോണനാളിൽ ഗൂഗിള്‍ മാപ്പിട്ട് പൂതനക്കര ശിവക്ഷേത്രത്തിലേക്ക് പോയ കുടുംബം വഴിതെറ്റി പൈനാപ്പിള്‍ തോട്ടത്തിന്റെ നടുക്ക് കുടുങ്ങി. വെള്ളിയാഴ്ച രാവിലെ 8.30 ഓടെ ആയിരുന്നു സംഭവം. വഴി തെറ്റിയും കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ ചെളിയില്‍ താഴ്ന്ന നിലയിലുമായിരുന്നു.
തുടർന്ന് സംഭവം പഴയന്നൂര്‍ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. പൊലീസുകാരായ ശിവകുമാറും മുഹമ്മദ്ഷാനും ജീപ്പെടുത്ത് കുടുംബം അയച്ചു കൊടുത്ത ലൊക്കേഷനിലേക്ക് പോയി. പക്ഷേ ലൊക്കേഷന്‍ പ്രകാരം സ്ഥലം കണ്ടെത്താന്‍ സാധിച്ചില്ല. ഒടുവില്‍ ഫോണിലെ ലൊക്കേഷന്‍ മാറ്റിവെച്ച് സ്ഥലത്തുണ്ടായിരുന്ന പാറകളും മരങ്ങളും അടയാളംവച്ച് സ്ഥലം കണ്ടെത്തി. അവിടെ എത്തുമ്പോള്‍ രണ്ടു സ്ത്രീകളും ഒരു കുഞ്ഞുമാണ് വഴിതെറ്റി കുടുങ്ങിയ നിലയിൽ കണ്ടത്. അവര്‍ വന്നിരുന്ന കാര്‍ ചാലില്‍ താഴ്ന്ന നിലയിലുമായിരുന്നു.
ഇവര്‍ വാഹനം ഉയര്‍ത്താന്‍ ശ്രമിച്ചിട്ടും നടന്നില്ല. തുടര്‍ന്ന് ശിവകുമാര്‍ പരിസരവാസികളായ സുജിത്, ശ്രീജിത്, രഞ്ജിത്ത്, വിഷ്ണു, രാജു എന്നിവരെ വിളിച്ചുവരുത്തി അവരുടെ വണ്ടിയുടെ സഹായത്തോടെ കാര്‍ കയറ്റി കുടുംബത്തെ മെയിന്‍ റോഡില്‍ എത്തിച്ചു. തിരുവോണ ദിവസം ഏറെ തിരക്കുകൾക്കിടയിലും തങ്ങളെ സഹായിക്കാനെത്തിയ പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും നന്ദി അറിയിച്ച് കുടുംബം മടങ്ങി