കോഴഞ്ചേരി : വരുമാനം പ്രതീക്ഷിക്കാതെ കലാമൂല്യമുള്ള ചലച്ചിത്രങ്ങൾ കേരളീയ സമൂഹത്തിന് നൽകിയ അനുഗ്രഹിതനിർമ്മാതാവാ യിരുന്നു ഗാന്ധിമതി ബാലനെന്നു പ്രമുഖ ചലച്ചിത്ര സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ഗാന്ധിമതി ബാലനെ അനുസ്മരിക്കാൻ സഹപാഠികൾ ഇലന്തൂർ വൈ. എം. സി. എ ഹാളിൽ ഒരുക്കിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓടില്ലെന്ന് ഉറപ്പുണ്ടായിരുന്ന സിനിമകൾക്ക് പോലും പണം മുക്കാൻ അദ്ദേഹം തയ്യാറായി. പഞ്ചവടിപാലം, സുഖമോ ദേവി, പത്താമുദയം തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളായി. ഉപാധികളില്ലാതെ അദ്ദേഹം സൗഹൃദങ്ങൾ കാത്തു സൂക്ഷിച്ചതായും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
ക്ലാസ്സ്‌മേറ്റ്സ് കൺസോർഷ്യം പ്രസിഡന്റ് കെ. ഭദ്രകുമാർ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു, മാധ്യമ പ്രവർത്തകൻ സാം ചെമ്പകത്തിൽ, ചലച്ചിത്ര സംവിധായകരായ ഇലന്തൂർ വിജയകുമാർ, അനു പുരുഷോത്തമൻ, സിനി ആർടിസ്റ്റ് ഡോ. സോണിയ മൽഹാർ, വൈ. എം. സി എ ഭാരവാഹികളായ കെ. ജി. സാമൂവൽ, സണ്ണി തോമസ്, പ്രൊഫ. മാമ്മൻ സഖറിയ, ബാലന്റെ മകൻ അനന്തപത്മനാഭൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.പി. മുകുന്ദൻ, കൺസോർഷ്യം ഭാരവാഹികളായ റോയി. എം. ജോർജ്, അജയൻ ഉഴുവത്ത്, എം. ജി ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു.