ആലപ്പുഴ: കായംകുളം അഴീക്കൽ ഹാർബറിൽ ഫിഷറീസ് വകുപ്പ് പാട്രോളിങ്ങിൽ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമത്തിനു വിരുദ്ധമായി ചെറുമത്സ്യങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്തു. സർക്കാർ നിശ്ചയിച്ചിരിക്കുന്ന മിനിമം ലീഗൽ സൈസിൽ (14 സെ.മീ) താഴെയുള്ള 3000 കിലോ ചെറിയ അയല മത്സ്യം കണ്ടു കെട്ടി നശിപ്പിക്കുകയും തുടർ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു. മത്സ്യം പിടിച്ചെടുത്ത ജെനി എന്ന വള്ളത്തിനെതിരെ നിയമ നടപടി സ്വീകരിച്ചു.
വളർച്ച എത്താത്ത ചെറുമത്സ്യങ്ങൾ മത്തി (10 സെ.മീ. താഴെ ), അയല (14 സെ.മീ. താഴെ) പിടിക്കുന്നത് മത്സ്യ സമ്പത്തിന് ദോഷമുണ്ടാക്കുകയും മത്സ്യശോഷണത്തിനു കാരണവുമാകുമെന്നതിനാൽ ചെറുമത്സ്യങ്ങളെ പിടിക്കുന്നതില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ പിന്മാറണമെന്ന് ഫിഷറീസ് അധികൃതര്‍ വ്യക്തമാക്കി.
വരും ദിവസങ്ങളിലും കെ.എം.എഫ്.ആര്‍. നിയമത്തിനു എതിരായി ചെറുമത്സ്യങ്ങളെ പിടിക്കല്‍, രജിസ്ട്രേഷന്‍ ലൈസന്‍സ് ഇല്ലാതെയുള്ള മത്സ്യ ബന്ധനം എന്നിവക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും 2.5 ലക്ഷം രൂപ വരെ പിഴ ഈടാക്കുകയും യാനത്തിലെ മത്സ്യം കണ്ടു കെട്ടി നിയമ നടപടി സ്വീകരിക്കുമെന്നും ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.