ആറന്മുള : തിരുവോണ വിഭവകളുമായി മങ്ങാട്ട് ഭട്ടതിരി കാട്ടൂരിൽ നിന്ന് പാർഥസാരഥി ക്ഷേത്രത്തിൽ എത്തുന്നതിനുള്ള തിരുവോണത്തോണി ഇന്ന് ആറന്മുള ക്ഷേത്രകടവിൽ നിന്ന് കാട്ടൂർ മഹാവിഷ്ണു ക്ഷേത്ര കടവിൽ എത്തി.
ഭഗവാൻ പാർഥസാരഥിയ്ക്കുള്ള തിരുവോണ സദ്യാ വിഭവങ്ങളും അടുത്ത തിരുവോണം വരെ ക്ഷേത്രത്തിലെ കെടാവിളക്കിൽ തെളിക്കാനുള്ള ദീപവുമായി തിരുവോണത്തോണി യാത്ര നാളെ ഉത്രാടം നാളിൽ വൈകിട്ട് 6.30 നാണ് ആറന്മുളയിലേക്ക് പുറപ്പെടുന്നത്.
ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഈശ്വരൻ നമ്പൂതിരി, സബ് ഗ്രൂപ്പ് ഓഫിസർ ജി.അരുൺ കുമാർ, ക്ഷേത്രോപദേശക സമിതി, പള്ളിയോട സേവാ സംഘം ഭാരവാഹികൾ തുടങ്ങിയവർ ചേർന്ന് തോണിയെ ആറന്മുളയിൽ നിന്ന് കാട്ടൂരിലേക്ക് യാത്രയാക്കി. മല്ലപ്പുഴശേരി പുത്തേത്ത് തറവാട്ടിലെ രാജേന്ദ്രൻ, അനി എന്നിവരുടെ നേതൃത്വത്തിൽ തിരുവോണത്തോണി കാട്ടൂരിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം എത്തിച്ചു.
നാളെ (ശനി) രാവിലെ 11 ന് മങ്ങാട്ട് പ്രതിനിധി അനൂപ് നാരായണൻ ഭട്ടതിരി കാട്ടൂർ മഠത്തിൽ എത്തും. കരനാഥന്മാർ ഭട്ടതിരിയെ ആചാരപൂർവം സ്വീകരിക്കും. കോട്ടയം കുമാരനല്ലൂരിലെ മങ്ങാട്ട് കടവിൽ നിന്ന് ഭട്ടതിരി ചുരുളൻ വള്ളത്തിൽ വ്യാഴാഴ്ചയാണ് കാട്ടൂരിലേക്ക് യാത്ര ആരംഭിച്ചത്. കാട്ടൂർ ക്ഷേത്രത്തിലെ ദീപാരാധനയ്ക്ക് ശേഷം നാളെ വൈകിട്ട് തിരുവോണത്തോണി ആറന്മുളയ്ക്ക് പുറപ്പെടും. തിരുവോണനാളിൽ പുലർച്ചെ തോണി ആറന്മുള ക്ഷേത്രക്കടവിൽ എത്തും.