തിരുവല്ല: കെട്ടിട നിർമാണ മേഖലയിലെ എല്ലാ സ്വകാര്യ കരാറുകാർക്കും ലൈസൻസ് നൽകുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായി മന്ത്രി വി എൻ വാസവൻ പറഞ്ഞു. തിരുവല്ലയിൽ പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ 5-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ബിൽഡിംഗ് മെറ്റീരിയൽസിൻ്റെ അടിക്കടിയുണ്ടാകുന്ന വില വർദ്ധനവ് സമയബന്ധിതമായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനു കഴിയാതെ ഈ മേഖലയാകെ പ്രതിസന്ധിക്കിടയാക്കുന്നു. കേന്ദ്ര ബഡ്ജറ്റിൽ വരുത്തിയ വർദ്ധനവാണ് ഇതിന് കാരണം. കരാറുകാർ സഹകരണ സംഘം രൂപീകരിച്ച് ആവശ്യമായ മെറ്റീരിയലുകൾ ശേഖരിച്ച് വിപണനവും വിതരണവും നേരിട്ട് നടത്തിയാൽ പ്രതിസന്ധി കുറച്ചെങ്കിലും പരിഹരിക്കാനാകും.
കേന്ദ്ര ബജറ്റിൽ കേരളത്തെ പാടെ നിരാകരിച്ചു. പ്രതിസന്ധി ഉണ്ടാകാതെ മുന്നോട്ട് പോകാനാണ് ഈയവസരത്തിൽ കേരളം ശ്രമിക്കുന്നത്. പിബിസിഎ സംസ്ഥാന പ്രസിഡൻ്റ് സി.കെ വേലായുധൻ അധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറി എം എസ് ഷാജി അനുശോചന പ്രമേയം അവതരിപ്പിച്ചു.ജനറൽ സെക്രട്ടറി കെ പ്രദീപൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ പി പി രമേശൻ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. സ്വാഗത സംഘം വൈസ് ചെയർമാൻ ബിനിൽകുമാർ, സതീശ് കൊച്ചുപറമ്പിൽ, വിജയകുമാർ മണിപ്പുഴ എന്നിവർ പ്രസംഗിച്ചു.