തിരുവല്ല: കുറ്റൂർ ഗ്രാമപഞ്ചായത്ത് മാമൂട്ടിപ്പടി – എറ്റുകടവ് റോഡ് ജനകീയ സംരക്ഷണ സമതി അംഗങ്ങൾ സഞ്ചാരയോഗ്യമാക്കി. ഏതാണ്ട് 2 ലക്ഷത്തോളം രൂപ സമാഹരിച്ച് ആണ് റോഡിലെ കുഴികൾ അടച്ചത്. മക്ക്, പാറപ്പൊടി, മെറ്റൽ തുടങ്ങിയവ വാങ്ങി ജെസിബി, ടിപ്പർ, റോഡ് റോളർ എന്നിവ ഉപയോഗിച്ച് പല ഘട്ടങ്ങളിലായിട്ടാണ് കുഴിയടയ്ക്കൽ നടപടി പൂർത്തിയാക്കിയത്. രാവിലെ ആറ് മണിക്ക് തുടങ്ങിയ റോഡ് പുനർനിർമ്മാണ പരിപാടി രാത്രി 9 വരെ നീണ്ടു.
കുറ്റൂർ പഞ്ചായത്ത് 12, 13 വാർഡുകളിലെ റോഡ് പുനർനിർമ്മാണ ജനകീയ സമതി കൺവീനർ രാജു വാണിയപ്പുരയ്ക്കലാണ് ജോലികൾക്ക് നേതൃത്വം നൽകിയത്. റോഡ് ടാർ ചെയ്ത് നൽകുമെന്ന പ്രതീക്ഷയിലാണ് ജനകീയ സംരക്ഷണ സമതി.
അതേസമയം കുറ്റൂർ മാമ്മൂട്ടിൽപ്പടി – ഏറ്റുകടവ് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ജനകീയ സംരക്ഷണ സമതി നിരവധി തവണ പ്രതിഷേധയോഗം സംഘടിപ്പിച്ചിരുന്നു.