ആലപ്പുഴ : തുറവൂർ ഉയരപ്പാത നിർമ്മാണത്തിന്റെ ഭാഗമായി സ്ഥാപിച്ച കൂറ്റൻ ഗർഡർ നിലംപതിച്ചു. ഞായറാഴ്ച രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം. ഈ സമയത്ത് റോഡിലൂടെ വാഹനങ്ങൾ കടന്നുപോകാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
മറ്റൊരു സ്ഥലത്തു പണിത് കൊണ്ട് വന്ന ഗർഡർ പാലത്തിൽ ഉറപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നിലംപതിച്ചത്. ഇരുമ്പ് റോപ്പ് പൊട്ടിയതാണ് 80 ടൺ ഭാരവും 24 മീറ്റർ നീളവുമുള്ള ഗർഡർ താഴെ വീഴാൻ കാരണമായത്.
ഇത് വീണത് ദേശീയ പാതയ്ക്ക് കുറുകെയായതിനാൽ ഒന്നര മണിക്കൂറോളം ഗതാഗതം പൂർണമായും തടസപ്പെട്ടു. ഗർഡർ കയറ്റിക്കൊണ്ടു പോകാൻ എത്തിച്ച ലോറിയും കേടായി. പിന്നീട് വലിയ ക്രെയിനുകളെത്തിച്ച് ഉയർത്തി മാറ്റിയ ശേഷമാണ് റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചത്.






