തിരുവനന്തപുരം: സ്വകാര്യ ബസ് പണിമുടക്കിയാൽ കെ എസ് ആർ ടി സി യുടെ കൂടുതൽ ബസുകൾ നിരത്തിലിറക്കി നേരിടുമെന്ന് ഗതാഗത മന്ത്രി. ബസ്സുടമകളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. വേണ്ടി വന്നാൽ ഓണക്കാലത്ത് പണിമുടക്കും എന്ന ബസ്സുടമകളുടെ നിലപാടിനോട് കടുത്ത പ്രതികരണമാണ് മന്ത്രി നടത്തിയിരിക്കുന്നത്.
500 ലോക്കൽ ബസ്സുകൾ കെ എസ് ആര്‍ ടി സിക്ക് അധികമായിട്ടുണ്ടെന്നും, സ്വകാര്യ ബസ്സുകള്‍ പണിമുടക്കുമായി മുന്നോട്ട് പോകുകയാണെങ്കില്‍ അവ ഡ്രൈവറെ വെച്ച് ഡീസൽ അടിച്ച് റോഡിലിറക്കുമെന്നുമാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം.
വിദ്യാർത്ഥികളുടെ കൺസഷൻ വർദ്ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയാത്തതാണെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളെ കൊണ്ട് സമരം ചെയ്യിപ്പിക്കാനുള്ള നീക്കം ആണ് നടക്കുന്നത്. അത്തരത്തില്‍ വിദ്യാർത്ഥികളെ കൊണ്ട് സമരം ചെയ്യിപ്പിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാനില്ലെന്നും മന്ത്രി പറഞ്ഞു






