തിരുവനന്തപുരം : സംസ്ഥാനങ്ങളുമായി കേന്ദ്രം പങ്കു വയ്ക്കുന്ന നികുതി വിഹിതം 50 ശതമാനമായി ഉയർത്തണമെന്ന് കേരളം പതിനാറാം ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ടതായി കമ്മീഷൻ ചെയർമാൻ പ്രൊഫ. അരവിന്ദ് പനഗാരിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ സംസ്ഥാനങ്ങൾക്കുള്ള വിഹിതം 41 ശതമാനമെന്നാണ് നിശ്ചയിച്ചത്. കേരളത്തിന്റേതിനു സമാനമായ ശുപാർശ കമ്മീഷൻ സന്ദർശിച്ച മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഉണ്ടായിട്ടുണ്ടെന്ന് ചെയർമാൻ പറഞ്ഞു.
ഭൂവിസ്തൃതി മാനദണ്ഡപ്രകാരമുള്ള വിഹിതം 15 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കണം, ജനസംഖ്യാടിസ്ഥാനത്തിലുള്ള വിഹിതം 15 ശതമാനത്തിൽ നിന്ന് 32.5 ശതമാനമാക്കണം, ഇതിനായി 2011ലെ സെൻസസ് പരിഗണിക്കുന്നതിനു പകരം 1971ലെ സെൻസസ് അടിസ്ഥാനമാക്കണം, വനമേഖലാ മാനദണ്ഡ പ്രകാരമുള്ള വിഹിതം 10 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി കുറയ്ക്കണം തുടങ്ങി വിവിധ ആവശ്യങ്ങളാണ് കേരളം മുന്നോട്ടു വച്ചതെന്ന് കമ്മീഷൻ ചെയർമാൻ അറിയിച്ചു