ആലപ്പുഴ : ഖാദിയുടെ പ്രചാരണം സാധാരണകാർക്ക് സ്ഥിര വരുമാനം ഉറപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.ആലപ്പുഴ ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസിന്റെ ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനവും ആലപ്പുഴ ഖാദി പ്രൊജക്ടിന് കീഴിലുള്ള റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ് യൂണിറ്റിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിൻ്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഖാദിക്ക് വലിയ പാരമ്പര്യവും പൈതൃകവും ഉണ്ട്. അനീതിക്കെതിരെയുള്ള ഉല്പന്നവും സ്വാതന്ത്ര സമരത്തിൻ്റെ ഊർജവും ആയിട്ടാണ് ഖാദി ഉയർന്ന് വന്നത്.
ഒരു ഖാദി ഉൽപ്പന്നം വാങ്ങുമ്പോൾ അതിൻ്റെ ഗുണം കർഷകർക്കും തൊഴിലാളികൾക്കും സാധാരണകാർക്കും ലഭിക്കും. അതിലൂടെ നാടിൻ്റെ പുരോഗതി സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പെഴ്‌സണ്‍ കെ കെ ജയമ്മ അധ്യക്ഷയായി. മേളയുടെ സമ്മാനക്കൂപ്പണ്‍ പ്രകാശനവും ആദ്യ വില്പനയും നഗരസഭാ അധ്യക്ഷ നിർവഹിച്ചു.
25 ാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഷോര്‍ട്ട് കുര്‍ത്തിയുടെ പ്രകാശനവും തൊഴിലാളികൾക്കുള്ള ഓവർകോട്ട് വിതരണവും ഖാദി ബോർഡ് മെമ്പർ കെ ചന്ദ്രശേഖരൻ നിർവഹിച്ചു. നഗരസഭ അംഗം കെ കെ അജേഷ് മുതിർന്ന തൊഴിലാളികളെ ആദരിച്ചു.