ആറന്മുള : പള്ളിയോട സേവാ സംഘവും കെഎസ്ആർടിസിയും സംയുക്തമായി നടത്തിവരുന്ന പഞ്ചപാണ്ഡവ ക്ഷേത്ര യാത്ര ഒക്ടോബർ രണ്ടിന് സമാപിക്കും. ആറന്മുളയിലെ വള്ള സദ്യയുടെ സമാപനവും അന്നാണ്.
കെഎസ്ആർ ടി സി ഇതുവരെ134 ട്രിപ്പുകൾ നടത്തി. 170 ട്രിപ്പുകളിലായി 8000 പേർ (ഒക്ടോബർ രണ്ടു വരെയുള്ള കണക്ക് ) ബജറ്റ് ടൂറിസം തീർത്ഥയാത്രയിൽ പങ്കെടുത്തതായി ജില്ലാ കോഡിനേറ്റർ സന്തോഷ് കുമാർ അറിയിച്ചു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് തീർത്ഥയാത്രയിൽ പങ്കെടുക്കുന്നവരുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ട്.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി ജനപിന്തുണ കണക്കിലെടുത്ത് സെപ്റ്റംബർ 28, 29 തീയതികളിൽ 8 ബസ്സുകൾ ആറന്മുളയിൽ എത്തി. ഒക്ടോബർ രണ്ടിന് 12 ബസ്സുകൾ ആറന്മുളയിൽ എത്തിച്ചേരും. പാർഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യ ഉള്ളപ്പോൾ മാത്രമേ ബസ്സുകൾ ഓപ്പറേറ്റ് ചെയ്യുകയുള്ളൂ.
രാവിലെ 10 30 ഓടെ എത്തിച്ചേരുന്ന സംഘം ക്ഷേത്രദർശനവും മധുക്കടവിൽ പള്ളിയോടങ്ങളുടെ വരവും കാഴ്ചകളും ചടങ്ങുകളും നേരിട്ട് കാണും. അതിനുശേഷം പാഞ്ചജന്യ ഓഡിറ്റോറിയത്തിൽ തയ്യാറാക്കിയിരിക്കുന്ന ആറന്മുള വള്ളസദ്യ കഴിച്ച് വിശ്രമത്തിനു ശേഷം മടക്കയാത്ര.
വള്ളസദ്യയുടെ മാറ്റ് കുറയാതിരിക്കാൻ അഞ്ചു പേരടങ്ങുന്ന വഞ്ചിപ്പാട്ട് കലാകാരന്മാർ വിഭവങ്ങൾ പാടി ചോദിക്കുന്ന സംവിധാനo ഒരുക്കിയിട്ടുണ്ടെന്ന് പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി.സാംബദേവനും സെക്രട്ടറി പ്രസാദ് ആനന്ദഭവനും അറിയിച്ചു.