ചെങ്ങന്നൂർ : രുചി വൈവിധ്യങ്ങളൊരുക്കി ജില്ലയിലെ ആദ്യ കുടുംബശ്രീ പ്രീമിയം കഫേ റസ്റ്റോറന്റ് ചെങ്ങന്നൂരിൽ പ്രവർത്തനം ആരംഭിച്ചു. എം സി റോഡിൽ തിരുവൻവണ്ടൂർ കല്ലിശ്ശേരി ജംഗ്ഷനിൽ പെനിയേൽ ബിൽഡിംഗിലാരംഭിച്ച ഭക്ഷണശാലയുടെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.
സംസ്ഥാനത്ത് കഫേ കുടുംബശ്രീയുടെ 10 ശാഖകൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. മന്ത്രി സജി ചെറിയാൻ്റെ നിർദ്ദേശത്തെ തുടർന്നാണ് ജില്ലയിലെ ആദ്യ പ്രീമിയം റസ്റ്റോറൻ്റ് ശാഖ ചെങ്ങന്നൂരിൽ ആരംഭിച്ചത്. രാവിലെ ആറു മുതൽ രാത്രി 11 വരെയാണ് പ്രവർത്തനം. കേരളത്തിന്റെ തനത് രുചി വൈവിധ്യങ്ങളെ കൂടാതെ ചൈനീസ്, അറബിക്, ഉത്തരേന്ത്യൻ ശൈലിയിലുള്ള ഭക്ഷണങ്ങളും ലഘുപാനീയങ്ങളും ഇവിടെ ലഭ്യമാകും.
സ്വാദിഷ്ടമായതും മായം കലരാത്തതുമായ ഭക്ഷണമാണ് ഇതിലൂടെ ഉറപ്പ് നൽകുന്നത്. കുടുംബശ്രീയുടെ നാനോ മാർക്കറ്റ് ഇതോടൊപ്പം സജ്ജീകരിക്കുന്നുണ്ട്. കുടുംബശ്രീ തനത് ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വാങ്ങുന്നതിനുള്ള സൗകര്യവുമൊരുക്കും. 3,200 ചതുരശ്ര അടി വിസ്തീർണത്തിൽ പൂർണ്ണമായി ശീതീകരിച്ച ഭക്ഷണശാലയോടനുബന്ധിച്ച് വിശാലമായ പാർക്കിങ് സൗകര്യവും ഭിന്നശേഷി സൗഹൃദ ശുചിമുറികളും ഒരുക്കിയിട്ടുണ്ട്.
78 ലക്ഷം രൂപ ചെലവ് വരുന്ന സംരംഭത്തിന് 19.5 ലക്ഷം രൂപ കുടുംബശ്രീ മിഷനാണ് നൽകുന്നത്. ബാക്കി തുക ചെലവഴിക്കുന്നത് കുടുംബശ്രീ
മൈക്രോ എൻ്റർപ്രൈസസ് കൾസൾട്ടൻ്റുമാരായ സന്തോഷ്, രഞ്ജു ആർ കുറുപ്പ് എന്നീ സംരംഭകരാണ്. പ്രതിദിനം 50,000 രൂപയ്ക്ക് മുകളിലാണ് വരുമാനം പ്രതീക്ഷിക്കുന്നത്. ചടങ്ങിൽ ജില്ല പഞ്ചായത്തംഗം വത്സല മോഹൻ അധ്യക്ഷയായി.