പത്തനംതിട്ട : തദ്ദേശസ്ഥാപനങ്ങൾ പദ്ധതികൾ നടപ്പാക്കുമ്പോൾ സർക്കാരിൻ്റെ സഹായത്തോടൊപ്പം വിഭവങ്ങൾ സ്വന്തമായി കണ്ടെത്തണമെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ. പത്തനംതിട്ട നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മിച്ച ടൗൺ സ്ക്വയറിന്റെ സമർപ്പണവും മുൻ എംഎൽഎ കെ. കെ. നായരുടെ പ്രതിമ അനാച്ഛാദനവും നിർവഹിക്കായിരുന്നു സ്പീക്കർ.
സർക്കാർ പണം അനുവദിച്ചാലും ഭൂമി ഇല്ലാത്തത് പദ്ധതികൾ നടപ്പാക്കാൻ തടസ്സമായി വരാറുണ്ട്. തദ്ദേശസ്ഥാപനങ്ങൾ സ്വന്തമായി ഭൂമി കണ്ടെത്തണം. വികസന പ്രവർത്തനങ്ങളിൽ ജനങ്ങളെയും പങ്കാളികളാക്കണം. വിഭവങ്ങൾ പ്രയോജനപ്പെടുത്തി പദ്ധതികൾ നടപ്പാക്കി വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തുമ്പോഴാണ് സ്വയംപര്യാപ്ത നേടുന്നത്. മാലിന്യസംസ്കരണത്തിന് തദ്ദേശസ്ഥാപനങ്ങൾ ഏറ്റവും പ്രാധാന്യം നൽകണം. ജനങ്ങൾക്ക് ഒത്തുചേരലിനുള്ള പൊതു ഇടങ്ങൾ സൃഷ്ടിക്കുക എന്നതും പ്രധാനമാണ്. സാമൂഹിക കൂട്ടായ്മകൾക്കുള്ള ഇടമായി ടൗൺ സ്ക്വയർ മാറുമെന്നും സ്പീക്കർ പറഞ്ഞു
ജില്ലയുടെ പിതാവായ മുൻ എംഎൽഎ കെ. കെ. നായരുടെയും സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയായ ജസ്റ്റിസ് ഫാത്തിമ ബീവിയുടെയും ഓർമ്മകളുടെ ചിരകാല പ്രതീകമായി ടൗൺ സ്ക്വയർ നിലനിൽക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ജസ്റ്റിസ് ഫാത്തിമ ബീവി മെമ്മോറിയൽ ഗേറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ അധ്യക്ഷനായി. ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ , ജസ്റ്റിസ് ഫാത്തിമ ബീവിയുടെ കുടുംബാംഗം അബ്ദുൽ ഖാദർ, കെ കെ നായർ ഫൗണ്ടേഷൻ സെക്രട്ടറി കെ കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.