തിരുവനന്തപുരം : തദ്ദേശ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ സംവരണവാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ നിശ്ചിത തീയതികളിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.
ത്രിതലപഞ്ചായത്തുകളുടെ വാർഡ് സംവരണം നറുക്കെടുപ്പിലൂടെ നിശ്ചിയിക്കാൻ അധികാരപ്പെടുത്തിയിട്ടുള്ളത് ജില്ലാ കളക്ടർമാരെയാണ്. ഗ്രാമപഞ്ചായത്തുകളിലെ വാർഡ് സംരണത്തിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 16 വരെയും, ബ്‌ളോക്ക് പഞ്ചായത്തുകളുടേത് ഒക്ടോബർ 18 നും ജില്ലാപഞ്ചായത്തിലേത് 21 നും നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.
ഒക്ടബോർ 16ന് മുനിസിപ്പാലിറ്റികളിലെ നറുക്കെടുപ്പ് അതതു ജില്ലകളിലെ തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടറും 21 ന് കോഴിക്കോട് വച്ച് കണ്ണൂർ, കോഴിക്കോട് കോർപ്പറേഷനുകളിലെ നറുക്കെടുപ്പും, 18ന് കൊച്ചിയിൽ തൃശൂർ, കൊച്ചി കോർപ്പറേഷനുകളിലെ നറുക്കെടുപ്പും, 17 ന് തിരുവനന്തപുരത്ത് കൊല്ലം, തിരുവനന്തപുരം കോർപ്പറേഷനുകളിലെ നറുക്കെടുപ്പും അർബൻ ഡയറക്ടറും നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. നറുക്കെടുപ്പ് തീയതിയും സ്ഥലവും നിശ്ചിയിച്ച് കൊണ്ടുള്ള വിജ്ഞാപനം കമ്മീഷൻ ഉടൻ പ്രസിദ്ധീകരിക്കും.






