തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും അദ്ധ്യാകരുടേയും കവർന്നെടുത്ത ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട അവകാശങ്ങളും അടിയന്തിരമായി പുനസ്ഥാപിക്കണമെന്ന് സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ ആവശ്യപ്പെട്ടു. കേരള എൻ.ജി.ഒ അസോസിയേഷൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി ഫോറസ്റ്റ്ഹെഡ്ക്വോർട്ടേഴ്സിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ ജീവനക്കാരന്റേയും 15 മാസത്തെ ശമ്പളത്തിന് തുല്യമായ തുകയാണ് സർക്കാർ കവർന്നെടുത്തിരിക്കുന്നത്. മൂന്ന് വർഷമായി DA ഇല്ല, 5 വർഷമായി സറണ്ടർ ഇല്ല, മുൻ ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശിക നൽകിയിട്ടില്ല, മെഡിസെപ്പ് പദ്ധതി വികലമായി നടപ്പിലാക്കി, ജീവനക്കാരുടെ ആരോഗ്യ പരിരക്ഷ ഇല്ലാതാക്കി, ചികിത്സക്ക് ആശുപത്രിയുമില്ല, ചികിത്സയുമില്ല.ജീവനക്കാരുടെ ഇൻഷ്വറൻസ് തുകക്ക് യാതൊരു പരിരക്ഷയും നൽകാതെ സർക്കാർ വിഹിതം ഇല്ലാതെ വഞ്ചിക്കുകയാണ്,അദ്ദേഹം ആരോപിച്ചു.
വി എസ് രാഘേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജെ എഡിസൺ, അരുൺ ജി ദാസ്, മോബിഷ്,ഷൈൻകുമാർ,ലിജു എബ്രഹാം, ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.