ന്യൂഡൽഹി: ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയായി മഹാരാഷ്‌ട്ര ഗവർണർ സി പി രാധാകൃഷ്ണനെ തെരഞ്ഞെടുത്ത് എൻഡിഎ. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയാണ് ഇക്കാര്യം വാർത്താസമ്മേളനത്തിലൂടെ അറിയിച്ചത്.
ജഗ്ദീപ് ധൻഖർ മുൻ ഉപരാഷ്‌ട്രപതി സ്ഥാനത്ത് നിന്ന് രാജിവച്ച് ദിവസങ്ങൾക്ക് ശേഷമാണ് പ്രഖ്യാപനം. എൻഡിഎ സഖ്യകക്ഷികളുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
40 വർഷമായി ബിജെപിയുടെ സജീവ പ്രവർത്തകനാണ് സി പി രാധാകൃഷ്ണൻ. ഝാർഖണ്ഡ് ഗവർണറായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോയമ്പത്തൂരിൽ നിന്ന് രണ്ട് തവണ എംപിയായും ബിജെപി തമിഴ്നാട് യൂണിറ്റ് തലവനായും പ്രവർത്തിച്ചിരുന്നു.
2024 മാർച്ച് മുതൽ ജൂലൈ വരെ തെലങ്കാന ഗവർണറായും, പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറായും അധിക ചുമതല വഹിച്ചിട്ടുണ്ട്. തമിഴ്നാട് ബിജെപി അദ്ധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 2004-നും 2007-നും ഇടയിൽ ബിജെപി അദ്ധ്യക്ഷനായിരിക്കെ അദ്ദേഹം 93 ദിവസം നീണ്ടുനിന്ന ‘രഥയാത്ര’ നടത്തി.






