കോട്ടയം : ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 105-ാം ജയന്തിയോടനുബന്ധിച്ചുളള അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് ജനുവരി 21നു തിരിതെളിയും. ഫെബ്രുവരി രണ്ടിനാണ് സമാപനം. മള്ളിയൂരില്‍ നടന്നുവരുന്ന ഗണേശ സംഗീതോത്സവവും അന്നു ശ്രുതി താഴ്ത്തും.
ഇവിടെ ഗണപതി ഹോമത്തോടെയാണ് എന്നും സത്രവേദി ഉണരുന്നത്. അതിവിശാലമാണ് യജ്ഞവേദി. ഭക്തര്‍ക്കായി ഇരിപ്പിടങ്ങളും കുടിവെള്ളവും ഉള്‍പ്പടെ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കും.
ഭഗവത്കഥാ സാഗരത്തിലെ മൊഴിമുത്തുകളായ പണ്ഡിതരും ആചാര്യന്മാരും അടങ്ങുന്ന വിദ്വത് സദസാണ് മള്ളിയൂര്‍ യജ്ഞവേദിയിലെത്തുക. ഭാഗവത പാരായണവും ആത്മീയ പ്രഭാഷണവും ദിവസവും ശ്രവിച്ച് മള്ളിയൂരില്‍ തന്നെ താമസിക്കുന്നതിനുളള സൗകര്യവും ക്രമീകരിക്കുന്നുണ്ടെന്ന് മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയും ദിവാകരന്‍ നമ്പൂതിരിയും അറിയിച്ചു.






