പത്തനംതിട്ട : വീടിനു സമീപത്തെ മദ്യപാനം ചോദ്യം ചെയ്തതിന് ആക്രമണം നടത്തിയ മദ്യപസംഘത്തിൽ ഒരാളെ പത്തനംതിട്ട പോലീസ് പിടികൂടി.
ചന്ദനപ്പള്ളി മൂഴിക്കൽ തേരകത്ത് വീട്ടിൽ അഭിജിത്ത് (27)ആണ് പിടിയിലായത്. ഇയാൾ കേസിൽ രണ്ടാം പ്രതിയാണ്. വള്ളിക്കോട് യുപിഎസ് സ്കൂളിന് സമീപം കൃഷ്ണകൃപ വീട്ടിൽ ബിജു (54) വിന്റെ വീടിനു മുൻവശം ശനി രാത്രി 9.30 ന് ശേഷമാണ് ആക്രമണമുണ്ടായത്. വീടിനു സമീപത്തെ വഴിയിലിരുന്ന് സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കുകയും അസഭ്യം വിളിക്കുകയും ചെയ്യുന്നത് ചോദ്യം ചെയ്തതിന്റെ പേരിലാണ് പ്രതികൾ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്.
ബിജുവിനെയും കുടുംബാoഗങ്ങളെയും അസഭ്യം വിളിച്ച ഒന്നാം പ്രതി രാഹുൽ, 17 വയസ്സുള്ള മകനെ ഉപദ്രവിക്കുകയും, ബിജുവിന്റെ ഭാര്യയുടെ കൈയ്യിൽ കടന്നുപിടിക്കുകയും ചെയ്തു. ചെടിച്ചട്ടിയെടുത്ത് പോർച്ചിൽ കിടന്ന കാറിന്റെ പിന്നിലെ ഗ്ലാസും, വീടിന്റെ മൂന്ന് ജനൽ ഗ്ലാസുകളും അടിച്ചു പൊട്ടിച്ചു. വീടിന് സമീപത്തെ പച്ചക്കറി കൃഷിയും നശിപ്പിച്ചു. ആക്രമണത്തിൽ ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുകാർ പറഞ്ഞു.
വിവരമറിഞ്ഞു പോലീസ് എത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു. ബിജുവും,ഭാര്യ രാജി, മകൻ ഗൗതം എന്നിവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സതേടി. പ്രതികൾക്കായി തെരച്ചിൽ പോലീസ് വ്യാപിപ്പിച്ചിരുന്നു. തുടർന്ന് അഭിജിത്തിനെ വീടിന് സമീപത്തുനിന്നും എസ് ഐ കെ ആർ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്യ്ത് അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി.